ChuttuvattomIdukkiThodupuzha

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ ജില്ലയില്‍ ചൊവ്വയും ബുധനും ലൈസന്‍സ് ഡ്രൈവ്

ഇടുക്കി: ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിന് ഓഗസ്റ്റ് ഒന്നിനും രണ്ടിനും ജില്ലയില്‍ ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’ ലൈസന്‍സ് ഡ്രൈവ് നടത്തും. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യസംരംഭകരും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുത്തിരിക്കണം. സ്വന്തമായി ഭക്ഷണം നിര്‍മ്മിച്ച് വില്‍പന നടത്തുന്നവര്‍, ചില്ലറ വില്‍പനക്കാര്‍, തെരുവ് കച്ചവടക്കാര്‍, ഉന്തുവണ്ടിയില്‍ കച്ചവടം നടത്തുന്നവര്‍, താല്കാലിക കച്ചവടക്കാര്‍ എന്നിവര്‍ക്കു മാത്രമാണ് രജിസ്ട്രേഷന്‍ അനുമതിയോടെ പ്രവര്‍ത്തിക്കാവുന്നത്. ജീവനക്കാരെ ഉള്‍പ്പെടുത്തി തട്ടുകട നടത്തുന്നവരും ലൈസന്‍സ് എടുക്കണം. നിരവധി കച്ചവട സ്ഥാപനങ്ങള്‍ ലൈസന്‍സ് എടുക്കുന്നതിനു പകരം രജിസ്ട്രേഷന്‍ മാത്രം എടുത്ത് പ്രവര്‍ത്തിക്കുന്നതായി പരിശോധനകളില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് പരിശോധന കര്‍ശനമാക്കിയത്. ലൈസന്‍സ് ഇല്ലാതെ ഭക്ഷ്യസംരംഭങ്ങള്‍ നടത്തുന്നത് ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ലൈസന്‍സിന് പകരം രജിസ്ട്രേഷന്‍ മാത്രമെടുത്ത് പ്രവര്‍ത്തിക്കുന്നവരെ ലൈസന്‍സ് ഇല്ലാത്തവരായി പരിഗണിച്ച് നടപടി സ്വീകരിക്കും. ഭക്ഷ്യസുരക്ഷാ ലൈസന്‍സ്  ഇല്ലാതെ പ്രവര്‍ത്തിക്കുന്നതും ഭക്ഷ്യസുരക്ഷ ലൈസന്‍സ് പരിധിയില്‍ വന്നിട്ടും ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷനില്‍ പ്രവര്‍ത്തിക്കുന്നതുമായ സ്ഥാപനങ്ങള്‍ക്കെതിരെ അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കും. ആഗസ്റ്റ് ഒന്നാം തീയതിക്ക് ശേഷം ലൈസന്‍സ് ഇല്ലാത്ത ഭക്ഷ്യസംരംഭങ്ങള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമപരമായ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ഇടുക്കി ഭക്ഷ്യസുരക്ഷാ അസി. കമ്മീഷണര്‍ അറിയിച്ചു. ലൈസന്‍സ് ലഭിക്കുന്നതിന് foscos.fssai.gov.in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. സാധാരണ ലൈസന്‍സുകള്‍ക്ക് 2,000 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള ഫീസ്.

Related Articles

Back to top button
error: Content is protected !!