ChuttuvattomIdukkiThodupuzha

പാതയോരങ്ങളില്‍ മാലിന്യം തള്ളല്‍ പതിവായി; മാലിന്യമെത്തുന്നത് അയല്‍ ജില്ലകളില്‍ നിന്നുള്‍പ്പെടെ

തൊടുപുഴ: ജില്ലയിലെ ഗതാഗത തിരക്കേറിയതുള്‍പ്പെടെയുള്ള പാതയോരങ്ങളിലെല്ലാം മാലിന്യം തള്ളല്‍ പതിവാകുന്നു. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പാതയോരങ്ങളിലാണ് കൂടുതല്‍ മാലിന്യ നിക്ഷേപവും നടക്കുന്നത്. സഞ്ചാരികള്‍ ഉപയോഗത്തിനു ശേഷം തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങളും കുപ്പികളുമെല്ലാം വഴിവക്കില്‍ കിടക്കുകയാണ്. ഹരിത കേരളം പദ്ധതിയുടെ ഭാഗമായി നേരത്തെ മാലിന്യ നീക്കം ഊര്‍ജിതമായി നടന്നിരുന്നെങ്കിലും ഇപ്പോള്‍ പല മേഖലകളിലും മാലിന്യം  സമയാ സമയങ്ങളില്‍ നീക്കം ചെയ്യാന്‍ അധികൃതര്‍ കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. അന്യ ജില്ലകളില്‍ നിന്നും ഇവിടേയ്ക്ക് ഹോട്ടല്‍ മാലിന്യവും മറ്റും എത്തിക്കുന്ന സംഘങ്ങളും സജീവമാണ്.

മാലിന്യം തള്ളല്‍ വനത്തിലും

കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ നേര്യമംഗലം വനമേഖലയില്‍ വന്‍തോതില്‍  മാലിന്യം തള്ളുന്നുണ്ട്.  മൂന്നാറിലേക്ക് എത്തുന്ന സഞ്ചാരികള്‍ പാതയോരത്ത് ഭക്ഷണം കഴിച്ചശേഷം അവശിഷ്ടങ്ങള്‍ നേര്യമംഗലം വനത്തില്‍ തള്ളുന്നതാണ് മാലിന്യപ്രശ്‌നം രൂക്ഷമാകാന്‍ കാരണമാകുന്നത്. ഇതോടൊപ്പം സമീപ ജില്ലകളില്‍ നിന്ന് രാത്രികാലങ്ങളില്‍ ശുചിമുറി മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവയും ഇവിടെയെത്തിച്ച് തള്ളുന്നുണ്ട്. ചീയപ്പാറ, വാളറ വെള്ളച്ചാട്ടങ്ങള്‍ക്കു സമീപവും ചെങ്കുളം ഹൈഡല്‍ ടൂറിസം ബോട്ടിംഗ് കേന്ദ്രത്തിന് സമീപവും മാലിന്യം തള്ളല്‍ കേന്ദ്രങ്ങളാണ്.

മൂന്നാറിലും മാലിന്യ പ്രശ്നം അതിരൂക്ഷം

അവധി ആഘോഷിക്കാനായി സഞ്ചാരികള്‍ കുടുംബ സമേതം എത്തുന്ന മൂന്നാറില്‍ മാലിന്യ പ്രശ്‌നം അതിരൂക്ഷമാണ്. വീടുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും പൊതിഞ്ഞു കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങള്‍ സഞ്ചാരികള്‍ പ്രധാന പാതയോരങ്ങളിലിരുന്നാണ് കഴിക്കുന്നത്. ഭക്ഷണശേഷം ആഹാരാവശിഷ്ടങ്ങളും വെള്ളക്കുപ്പികളും പാതയോരങ്ങളില്‍ ഉപേക്ഷിക്കുന്നത് പതിവാണ്. പഴയ മൂന്നാര്‍ ബൈപാസ്, രാജമല, മാട്ടുപ്പെട്ടി റോഡുകള്‍ എന്നിവിടങ്ങളിലാണ് സഞ്ചാരികള്‍ ഏറ്റവുമധികം മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്. മുതിരപ്പുഴയിലും മാലിന്യങ്ങള്‍ തള്ളുന്നുണ്ട്.

നോക്കുകുത്തിയായി മുന്നറിയിപ്പ് ബോര്‍ഡുകള്‍

തൊടുപുഴ – പുളിയന്‍മല സംസ്ഥാന പാതയില്‍ കുളമാവ് മുതല്‍ പൈനാവ് വരെയുള്ള വനമേഖലയില്‍ മാലിന്യം തള്ളല്‍ നിര്‍ബാധം തുടരുകയാണ്. വനത്തില്‍ മാലിന്യം നിക്ഷേപിക്കരുതെന്ന മുന്നറിയിപ്പു ബോര്‍ഡുകള്‍ പലയിടത്തും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം കണക്കിലെടുക്കാതെയാണ് മാലിന്യം നിക്ഷേപിക്കുന്നത്. ഹോട്ടല്‍ മാലിന്യങ്ങളും ജൈവാവശിഷ്ടങ്ങളും അറവുശാല മാലിന്യങ്ങളും മത്സ്യാവശിഷ്ടങ്ങളുമെല്ലാം ഇക്കൂട്ടത്തില്‍ ഉണ്ട്. പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യക്കുപ്പികളുമെല്ലാം വനമേഖലയില്‍ ചിതറിക്കിടക്കുന്നത് പതിവു കാഴ്ചയാണ്. വാഹന യാത്രക്കാരും, വിനോദ സഞ്ചാരികളും, കേറ്ററിങ്  സ്ഥാപനങ്ങളും മത്സ്യക്കച്ചവടക്കാരുമെല്ലാം ഇതിനു പിന്നിലുണ്ടെന്നാണ് ആക്ഷേപം.

പ്രവര്‍ത്തനം നിലച്ച് വാഗമണ്ണിലെ ഹരിത ചെക്ക് പോസ്റ്റുകള്‍

വാഗമണ്‍ വിനോദ സഞ്ചാര കേന്ദ്രത്തിലും മാലിന്യ നിക്ഷേപമുണ്ട്. വാഗമണ്ണിലേയ്ക്കുള്ള പ്രധാന പാതകളില്‍ നേരത്തെ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ച് സന്ദര്‍ശകരെ മാലിന്യ നിര്‍മാര്‍ജനത്തെ സംബന്ധിച്ച് ബോധവത്കരണവും മറ്റും നടത്തിയിരുന്നു. കൂടാതെ സന്ദര്‍ശകരില്‍ നിന്നും മാലിന്യനീക്കത്തിനെന്ന പേരില്‍ ഫീസും ഈടാക്കിയിരുന്നു. ഇപ്പോള്‍ ഈ ചെക്ക്‌പോസ്റ്റുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ വാഗമണ്ണിലേക്കുള്ള  റോഡുകളുടെ വശങ്ങളിലെല്ലാം സഞ്ചാരികള്‍ ഉപേക്ഷിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളും വെള്ളക്കുപ്പികളും മദ്യക്കുപ്പികളും ചിതറിക്കിടക്കുകയാണ്.

രാത്രിയുടെ മറവില്‍ മാലിന്യം തള്ളല്‍

ആലപ്പുഴ -മധുര സംസ്ഥാന പാതയുടെ ഭാഗമായ ചേലച്ചുവട്-വണ്ണപ്പുറം റോഡിലും  മാലിന്യം തള്ളുന്നത് പതിവാണ്. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടന്‍മുടി, കമ്പകക്കാനം, കഞ്ഞിക്കുഴി പഞ്ചായത്തിലെ പഴയരിക്കണ്ടം മുതല്‍ തട്ടേക്കല്ല് വരെയുള്ള ഭാഗത്താണ് രാത്രിയുടെ മറവില്‍ സാമൂഹിക  വിരുദ്ധര്‍ പതിവായി മാലിന്യം തള്ളുന്നത്. ശുചിമുറി മാലിന്യങ്ങള്‍ അടക്കമുള്ളവയാണ് ചാക്കില്‍ നിറച്ച് റോഡ് വക്കില്‍ തള്ളുന്നത്. ഇതോടെ പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുന്നതിനാല്‍ ഈ ഭാഗത്തുകൂടി വാഹനത്തില്‍ സഞ്ചരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണെന്നു നാട്ടുകാര്‍ പറയുന്നു. തൊടുപുഴ, കോതമംഗലം മേഖലകളില്‍ നിന്ന് രാത്രികാലങ്ങളില്‍ എത്തുന്ന വാഹനങ്ങളില്‍ നിന്നാണ് മാലിന്യം തള്ളുന്നത്.

ദുര്‍ഗന്ധത്തില്‍ വലഞ്ഞ് നാട്ടുകാര്‍

തൊടുപുഴ-പാലാ റൂട്ടിലെ ജില്ലാതിര്‍ത്തിയായ നെല്ലാപ്പാറയിലും മാലിന്യ കൂമ്പാരമുണ്ട്. ഈ ഭാഗത്ത് വാഹനങ്ങള്‍ നിര്‍ത്തി ആളുകള്‍ ആഹാരം കഴിക്കുന്നത് പതിവാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന ചരക്കുലോറികളും തടിലോറികളും  ഉള്‍പ്പെടെ രാത്രി ഇവിടെ തങ്ങാറുണ്ട്. ഭക്ഷണാവശിഷ്ടങ്ങള്‍ക്കു പുറമേ വീടുകളില്‍ നിന്ന് ഉപേക്ഷിക്കുന്ന ഗൃഹോപകരണങ്ങള്‍, കിടക്കകള്‍, മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള തെര്‍മോക്കോള്‍ അടക്കമുള്ള മാലിന്യങ്ങള്‍ എന്നിവയെല്ലാം ഇവിടെ തള്ളിയിട്ടുണ്ട്. ദുര്‍ഗന്ധം വമിക്കുന്ന സ്ഥിതിയാണ് പ്രദേശത്തുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു.

Related Articles

Back to top button
error: Content is protected !!