IdukkiLocal Live

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുതുക്കുന്നു ; പേര് ചേര്‍ക്കുന്നതിനും തിരുത്തുന്നതിനും അവസരം

ഇടുക്കി : ജില്ലയിലെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും വോട്ടര്‍ പട്ടികയുടെ സംഷിപ്ത പുതുക്കല്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി എല്ലാ വാര്‍ഡുകളിലേയും കരട് വോട്ടര്‍ പട്ടിക ബന്ധപ്പെട്ട പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വില്ലേജ്, താലൂക്ക് ഓഫീസുകളിലും,  http://sec.kerala.gov.in എന്ന വെബ് സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വോട്ടര്‍ പട്ടിക പുതുക്കുന്നതിനുള്ള യോഗ്യതാ തിയതി 2024 ജനുവരി 1 ആണ്. പുതുതായി വോട്ടര്‍ പട്ടികയില്‍ പേര് ഉള്‍പ്പെടുത്തുന്നതിന് 2024 ജനുവരി 1 നോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ മാത്രം അപേക്ഷ സമര്‍പ്പിച്ചാല്‍ മതിയാകും. വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഫോം നം.4, തിരുത്തലുകള്‍ക്കായി ഫോം. നം 6 ലും, ഒരു പഞ്ചായത്തിലെ ഒരു വാര്‍ഡില്‍ നിന്ന് മറ്റൊരു വാര്‍ഡിലേക്കോ പോളിംഗ് സ്റ്റേഷന്‍ മാറ്റുന്നതിനോ ഫോം. നം 7 ലും , കരട് വോട്ടര്‍പട്ടികയിന്‍മേലുള്ള ആക്ഷേപങ്ങള്‍ ഫോം. നം 5 ലും അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

അപേക്ഷകള്‍ http://sec.kerala.gov.in എന്ന വെബ് സൈറ്റിലൂടെയും ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാരായ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നേരിട്ടും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷകള്‍ ജൂണ്‍ 21 വരെ സ്വീകരിക്കും.വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍ അപേക്ഷകളിന്‍മേല്‍ സ്വീകരിക്കുന്ന നടപടിക്കെതിരെ അപേക്ഷകര്‍ക്ക് ഉത്തരവ് തിയതി മുതല്‍ 15 ദിവസത്തിനകം അപ്പീല്‍ അധികാരിയായ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഇടുക്കിക്ക് അപ്പീല്‍ നല്‍കാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!