Thodupuzha

ലോട്ടറി മോഷ്ടാവിനായി തെരച്ചില്‍ ഊര്‍ജിതം

ടുപുഴ: വൃക്കരോഗിയും വയോധികനുമായ ലോട്ടറി കച്ചവടക്കാരന്‍റെ പണവും ലോട്ടറി ടിക്കറ്റും കവര്‍ന്ന പ്രതിയെ കണ്ടെത്താന്‍ പോലീസിന്‍റെ തീവ്രശ്രമം.പ്രതിയെന്നു സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് തയാറാക്കി. സ്ഥലത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയാറാക്കിയത്. തൊടുപുഴ പഞ്ചവടി സ്വദേശി അയ്യപ്പന്‍റെ പണവും ലോട്ടറി ടിക്കറ്റുകളും അടങ്ങിയ ബാഗാണ് തൊടുപുഴ ബിഎസ്‌എന്‍എല്‍ ജംഗ്ഷനു സമീപത്തുനിന്നു ഏതാനും ദിവസം മുന്പ് മോഷണം പോയത്.

വൃക്കരോഗിയായ അയ്യപ്പന്‍ ചാഴികാട്ട് ആശുപത്രിയില്‍ ഡയാലിസിസ് ചെയ്തശേഷം 2,000 രൂപയുടെ ലോട്ടറി ഏജന്‍റില്‍നിന്നു വാങ്ങി സ്ഥിരം വില്പനകേന്ദ്രമായ ബിഎസ്‌എന്‍എല്‍ ജംഗ്ഷനിലെ കടത്തിണ്ണയില്‍ വിശ്രമിക്കുന്പോഴായിരുന്നു മോഷണം. ഡയാലിസിസിന്‍റെ ക്ഷീണത്തില്‍ ഉറങ്ങിപ്പോയ സമയത്താണ് മോഷണം നടന്നത്.

ഈ സമയം അതുവഴിയെത്തിയ കാല്‍നട യാത്രക്കാരന്‍ ലോട്ടറി നോക്കാനെന്ന വ്യാജേന ചുറ്റും നിന്നവരുടെ ശ്രദ്ധ പതിയാത്ത രീതിയില്‍ ബാഗ് കൈകളിലെടുക്കുന്നതും പിന്നീട് ഹോട്ടലിനുള്ളിലേക്കു കയറുന്നതും സിസിടിവി ദൃശ്യങ്ങളില്‍നിന്നു വ്യക്തമാണ്. അല്‍പസമയത്തിനുള്ളില്‍ ബാഗുമായി തിരിച്ചിറങ്ങി വരുന്നതും ദൃശ്യങ്ങളില്‍ കാണാം.

വൃക്കരോഗത്തെത്തുടര്‍ന്ന് ഡയാലിസിസ് ഉള്‍പ്പെടെയുള്ള ചികിത്സ നടത്തുന്ന അയ്യപ്പന്‍റെ ഏക വരുമാനമാര്‍ഗമാണ് ലോട്ടറി കച്ചവടം.

സംഭവം അറിഞ്ഞ് തൊടുപുഴ പോലീസ് നേരിട്ടെത്തി അയ്യപ്പനില്‍നിന്നു പരാതി എഴുതി വാങ്ങിയിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചു. പോലീസ് വിശദമായി അന്വേഷിക്കുകയാണെന്നും പ്രതിയെക്കുറിച്ച്‌ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും തൊടുപുഴ ഡിവൈഎസ്പി എം.ആര്‍. മധുബാബു പറഞ്ഞു. രാത്രിയിലുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്. അതിനാല്‍ പ്രതിയുടെ ചിത്രം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!