ChuttuvattomThodupuzha

കാഞ്ഞിരമറ്റം മഹാദേവ ക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷം

തൊടുപുഴ : കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രത്തില്‍ മഹാശിവരാത്രി ആഘോഷങ്ങള്‍ക്കും ബലിതര്‍പ്പണത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വ്യാഴാഴ്ച വൈകിട്ട് 8 മുതല്‍ കാവടി നിറക്കല്‍ ചടങ്ങും കാവടിപൂജയും നടക്കും. 9 ന് തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് കാവടികള്‍ പുറപ്പെടും. വെള്ളിയാഴ്ച രാവിലെ 8.30 ന് വഴിപാട് കാവടികളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടു കൂടി തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്ന് കാവടി ഘോഷയാത്ര ആരംഭിക്കും. 9 മുതല്‍ വേദിയില്‍ വിഷ്ണു ഇടവെട്ടി നയിക്കുന്ന പുല്ലാങ്കുഴല്‍ ക്ലാസിക്കല്‍ ഫ്യൂഷന്‍ വേദിയില്‍ ആരംഭിക്കും. 11.30 ന് കാവടി ഘോഷയാത്ര ക്ഷേത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് കാവടി അഭിഷേകവും മഹാപ്രസാദമൂട്ടും നടക്കും. വൈകിട്ട് 5 ന് ക്ഷേത്രക്കടവിലെ ശ്രീമൂകാംബിക സന്നിധിയില്‍ നിന്ന് ഭസ്മക്കാവടി ഘോഷയാത്ര ആരംഭിക്കും. 5.30 ന് വേദിയില്‍ ഭരണങ്ങാനം പ്രാണ സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ അരങ്ങേറും. വൈകിട്ട് 6.15 ന് ഭസ്മക്കാവടി അഭിഷേകവും 6.35 ന് വിശേഷാല്‍ ദീപാരാധനയും ശയനപ്രദക്ഷിണവും നടക്കും.

വൈകിട്ട് 7 ന് ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ടി.എസ് രാജന്റെ അധ്യക്ഷതയില്‍ നടക്കുന്ന സാംസ്‌കാരികസദസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരിക്ക് 5-ാമത് ശിവകീര്‍ത്തി പുരസ്‌കാരം സമര്‍പ്പിക്കും. രാത്രി 9 ന് ചലച്ചിത്രപിന്നണി ഗായകരായ വിജേഷ് ഗോപാല്‍, ചിത്ര അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ വൈഷ്ണവി പണിക്കര്‍ , അനന്യ, ആദിത്യ എന്നിവര്‍ പങ്കെടുക്കുന്ന ഗാനമേള അരങ്ങേറും. രാത്രി 11.30 മുതല്‍ ഭരതനാട്യവും വേദിയില്‍ നടക്കും. രാത്രി 12ന് ശിവരാത്രി വിളക്ക് ചടങ്ങുകള്‍ നടക്കും. ക്ഷേത്രക്കടവില്‍ രാത്രി 12 മുതല്‍ പിതൃബലിതര്‍പ്പണ ചടങ്ങുകളും ആരംഭിക്കും. പുലര്‍ച്ചെ 2 ന് തിരുവനന്തപുരം സ്റ്റേജ് ഇന്ത്യ അവതരിപ്പിക്കുന്ന തുംഗഭദ്ര എന്ന സ്റ്റേജ് സിനിമ വേദിയില്‍ ആരംഭിക്കും.

 

Related Articles

Back to top button
error: Content is protected !!