Thodupuzha

മല അരയ സാംസ്‌കാരികോത്സവത്തിന് നാടുകാണിയില്‍ തിരി തെളിഞ്ഞു

തൊടുപുഴ : നവോത്ഥാന പ്രസ്ഥാനമായ മല അരയ മഹാസഭയുടെ 18-ാമത് വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സാംസ്‌കാരികോത്സവം ഗോത്ര സംസ്‌കൃതിയുടെ നവ്യാനുഭവമായി. നാടുകാണി ട്രൈബല്‍ ആര്‍ട്‌സ് & സയന്‍സ് കോളേജില്‍, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരങ്ങള്‍ അണിനിരന്ന സമ്മേളനത്തിന്റെ ഉത്ഘാടനം മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ് നിര്‍വ്വഹിച്ചു. മേല്‍ശാന്തി നിയമനം, കെ.എ. എസ് , ശബരിമല പരമ്പരാഗത തീര്‍ത്ഥാടന പാത, കരിമല അരയന്‍ ആരാധന കേന്ദ്രം, മകരവിളക്ക് അവകാശം, വന്യമൃഗ ആക്രമണം, ട്രൈബല്‍ മാനേജ്‌മെന്റിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ബഫര്‍ സോണ്‍, പട്ടയം എന്നീ വിഷയങ്ങളില്‍ കൃത്യമായ ഇടപെടല്‍ സഭ നടത്തിയെന്നും, പല തലങ്ങളിലും ഗോത്ര സമൂഹ അനുകൂല നിലപാട് കാണുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. ട്രൈബല്‍ ജനതയുടെ രാജ്യത്തെ ഏക ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് യാതൊരു വിധ സഹായങ്ങളും ഭരണാധികാരികള്‍ നല്കുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. മല അരയ മഹാസഭ ശരിയായ മാര്‍ഗ്ഗദീപമാണ് തെളിയിച്ചിരിക്കുന്നത്. പരാശ്രയത്വത്തില്‍ നിന്നും സ്വയാശ്രയത്വത്തിലേക്ക് എന്ന കാലാതിവര്‍ത്തിയായ മുദ്രാവാക്യത്തിലുറച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സഭ സംസ്ഥാന പ്രസിഡന്റ് സി. ആര്‍. ദിലീപ് കുമാര്‍ അധ്യക്ഷത വഹിച്ചു. ചരിത്രകാരനും സംസ്‌കൃത പണ്ഡിതനുമായ ഡോ. റ്റി.എസ്. ശ്യാം കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വികസിത കൃഷിയിടം, കല, സംസ്‌കാരം, കോട്ടകളുടെ നിര്‍മ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീ ചരിത്ര സവിശേഷതകള്‍ ഉള്ള ഗോത്രസമുദായമായിരുന്നു മല അരയര്‍. എന്നാലിത് ചരിത്രത്തിലില്ല എന്നദ്ദേഹം അഭിപ്രായപ്പെട്ടു. മല അരയ എഡ്യൂക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ആര്‍. ഗംഗാധരന്‍ , എം.കെ. സജി, പ്രൊഫ. വീ. ജി. ഹരീഷ് കുമാര്‍, ഡോ. രാജേഷ് കെ. എരുമേലി, ഷൈലജ നാരായണന്‍, പ്രൊഫ. സുബിന്‍ വി അനിരുദ്ധന്‍, പ്രൊഫ അരുണ്‍ നാഥ്, പ്രൊഫ. സ്വാതി കെ ശിവന്‍, സുശീല രാധാകൃഷ്ണന്‍, ദേവിക രാജ്, സി.എന്‍ . മധുസൂദനന്‍, അക്ഷര ഷാജി, പി.വി. ബിജുമോന്‍ , അജിത അശോകന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മല അരയ സമുദായത്തിന്റെ അനുഷ്ഠാന കലയായ ഐവര്‍കളി പ്രത്യേകം തയ്യാറാക്കിയ പൈതൃക പന്തലില്‍ അവതരിപ്പിച്ചു കൊണ്ടാണ് സാംസ്‌കാരികോത്സവം ആരംഭിച്ചത്. മൂന്നൂറിലേറെ കലാകാരന്‍മാര്‍ വിവിധ ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ പ്രഥമ വേദിയില്‍ അവതരിപ്പിച്ചു. ഞായറാഴ്ച സംസ്ഥാന പ്രതിനിധി സമ്മേളനം നടക്കും. റിപ്പോര്‍ട്ട് – വരവ് ചിലവ് കണക്കുകള്‍, ബഡ്ജറ്റ് തുടങ്ങിയവ അവതരിപ്പിക്കും. മല അരയ സമുദായത്തിന്റെ സംസ്‌കാരത്തിന് മേല്‍ നടക്കുന്ന ആസൂത്രിത അധിനിവേശത്തെക്കുറിച്ചും , സാമൂഹിക മേഖലകളിലെ വിവിധ വിഷയങ്ങളും സംസ്ഥാന കമ്മറ്റി ചര്‍ച്ച ചെയ്യും.

 

Related Articles

Back to top button
error: Content is protected !!