Thodupuzha

മലങ്കര ഡാമിലെ ഷട്ടര്‍ അറ്റകുറ്റപ്പണി വൈകുന്നു

മുട്ടം : മലങ്കര അണക്കെട്ടിലെ ഷട്ടര്‍ അറ്റകുറ്റപ്പണി വൈകുന്നതില്‍ ആശങ്ക. അടിയന്തരമായി അറ്റകുറ്റപ്പണി നടത്തിയില്ലെങ്കില്‍ അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് ആശങ്ക.അണക്കെട്ടിലെ ഷട്ടറുകളും അതിനെ ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യുന്ന സ്റ്റീല്‍ റോപ്പുകള്‍ക്ക് ഗുരുതര തകരാര്‍ സംഭവിച്ചിട്ടുണ്ട്. അത് എത്രയും വേഗം പരിഹരിക്കാത്തപക്ഷം അത്യാവശ്യ ഘട്ടത്തില്‍ ഷട്ടര്‍ ഉയര്‍ത്താന്‍പോലും സാധിക്കാതെ വരും.

സംസ്ഥാനത്തെ ഏറ്റവും ബലക്ഷയമുള്ള ഡാമുകളില്‍ ഒന്നാണ് മലങ്കര ഡാമെന്ന് ഡാം സുരക്ഷ അതോറിറ്റിതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. 42 മീറ്റര്‍ വരെ ഉയരത്തില്‍ ജലം സംഭരിക്കാമെങ്കിലും 40 മീറ്ററിന് മുകളില്‍ ജലനിരപ്പ് ഉയരാതിരിക്കാന്‍ പരമാവധി പരിശ്രമിക്കുകയാണ് അധികൃതര്‍.

മഴ തുടര്‍ച്ചായി പെയ്യുമ്ബോള്‍ ഷട്ടര്‍ ഉയര്‍ത്തിയും താഴ്ത്തിയും ജലനിരപ്പ് ക്രമീക്കരിക്കേണ്ടി വരും. ഇത് ഷട്ടറുകളിലും റബര്‍ സീലുകളിലും റോപ്പിലും തേയ്മാനം വരുത്തിയിട്ടുണ്ട്. ഇത് പരിഹരിക്കാന്‍ ചുരുങ്ങിയത് ഒരാഴ്ച വേണ്ടിവരും. ഷട്ടര്‍ അറ്റകുറ്റപ്പണി നടത്തണമെങ്കില്‍ ജലനിരപ്പ് 36 മീറ്ററിലധികം താഴ്ത്തണം. ഇത്രത്തോളം ജലനിരപ്പ് താഴുമ്ബോള്‍ ആറ് പഞ്ചായത്തിലെ കുടിവെള്ള വിതരണം പൂര്‍ണമായും നിലക്കും. മുട്ടം, കുടയത്തൂര്‍, അറക്കുളം, വെള്ളിയാമറ്റം, ആലക്കോട്, കരിങ്കുന്നം പഞ്ചായത്തുകളിലെ കുടിവെള്ള വിതരണമാണ് സ്തംഭനത്തിലാകുന്നത്. ഈ പഞ്ചായത്തുകളെല്ലാംതന്നെ മൂലമറ്റം വൈദ്യുതി നിലയത്തില്‍നിന്ന് ഉല്‍പാദന ശേഷം പുറന്തള്ളുന്ന ജലം ഉപയോഗിച്ചാണ് കുടിവെള്ള വിതരണം നടത്തുന്നത്. ജലനിരപ്പ് താഴ്ത്തുന്നതോടെ കുടിവെള്ള വിതരണം മുടങ്ങുന്ന പഞ്ചായത്തുകളിലെല്ലാം ബദല്‍ മാര്‍ഗം കണ്ടെത്തേണ്ടതുണ്ട്. ഈ കാലയവളില്‍ ജലവിതരണം പൂര്‍ണമായി നിലക്കുമെന്നതാണ് അറ്റകുറ്റപ്പണിക്കുള്ള തടസ്സം. ഇത് ചര്‍ച്ച ചെയ്യാന്‍ കുടിവെള്ള വിതരണത്തെ ബാധിക്കുന്ന പഞ്ചായത്ത് പ്രസിഡന്‍റുമാരുടെ യോഗം ചേര്‍ന്നെങ്കിലും ധാരണയാകാതെ പിരിഞ്ഞു. ശേഷം കലക്ടര്‍ ഇടപെട്ടെങ്കിലും അതും തീരുമാനമായില്ല. ഇനി മന്ത്രിതലത്തില്‍ ചര്‍ച്ച നടത്തി പ്രശ്ന പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് എം.വി.ഐ.പി അധികൃതര്‍.

അറ്റകുറ്റപ്പണിക്ക് അനുയോജ്യമായ സമയം ഇതാണെന്നും വൈകിയാല്‍ ഈ വര്‍ഷം അതിനു സാധിക്കാതെവരുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജനുവരി മുതല്‍ വേനല്‍ ആരംഭിക്കുന്നതോടെ ജലക്ഷാമം രൂക്ഷമാകുകയും പിന്നീട് അറ്റകുറ്റപ്പണി നടക്കാതെയും വരും.

Related Articles

Back to top button
error: Content is protected !!