ChuttuvattomMuvattupuzhaThodupuzha

മലങ്കര കത്തോലിക്കാ സഭ മൂവാറ്റുപുഴ രൂപത; 93-ാം പുനരൈക്യ  വാർഷികത്തിന് ഉജ്ജ്വലമായ തുടക്കം 

മൂവാറ്റുപുഴ: മലങ്കര  കത്തോലിക്ക സഭയുടെ 93-ാം പുനരൈക്യ  വാർഷികത്തിന് ഉജ്ജ്വലമായ തുടക്കമായി. വാഴപ്പിള്ളി വിമലഗിരി ബിഷപ്പ്സ് ഹൗസിന് സമീപം പ്രത്യേകം തയ്യാറാക്കിയ മാർ ഇവാനിയോസ് നഗറിലേക്ക് ദീപശിഖ പ്രയാണത്തെ വരവേറ്റു കൊണ്ടാണ് ഉജ്ജ്വലമായ തുടക്കം കുറിച്ചത്. ഇതിനോട് അനുബന്ധിച്ച് മൂന്നിന്  രൂപതയിലെ വിരമിക്കുന്ന വൈദികർക്കായി പണികഴിപ്പിച്ച  വൈദിക മന്ദിരത്തിൻറെ കൂദാശകർമ്മം മേജർ ആർച്ച് ബിഷപ്പ്  മോറാൻ മോർ ബസേലിയോസ് കർദിനാൾ  ക്ലിമീസ് കാതോലിക്കാ ബാവാ നിർവ്വഹിച്ചു. സഭയിലെ പിതാക്കന്മാരായ  ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കുറിലോസ്, ബിഷപ്പ് ജ്വോഷാ മാർ ഇഗ്നാത്തിയോസ്, ബിഷപ്പ് ജോസഫ് മാർ തോമസ്,ബിഷപ്പ്, ഡോ.സാമുവൽ മാർ ഐറേനിയസ്,  ബിഷപ്പ് തോമസ് മാർ ആന്തോണിയോസ്, ബിഷപ്പ് വിൻസെൻറ് മാർ പൗലോസ്, ബിഷപ്പ് ഡോ. തോമസ് യൗസേബിയോസ്, ബിഷപ്പ് ഗീവർഗീസ് മാർ മക്കാറിയോസ്, ബിഷപ്പ് ഡോ. ആൻറണി മാർ സിൽവാനോസ്,  ബിഷപ്പ് ഡോ. മാത്യുസ് മാർ പോളികാർപ്പസ്, ആർച്ചുബിഷപ്പ് ന്യൂഷൻസിയോ മാർ ജോർജ് പനംതുണ്ടിൽ, ബിഷപ്പ് ഡോ.എബ്രഹാം മാർ യൂലിയോസ്, ബിഷപ്പ് യുഹനോൻ മാർ  ക്രിസോസ്റ്റം എന്നിവരും വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു. മൂവാറ്റുപുഴ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. യുഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത,രൂപത വികാരി ജനറാൾ  റെറ്റ് റവ.തോമസ് ഞാറക്കാട്ട് കോർ എപ്പിസ്കോപ്പ എന്നിവർ പ്രസം​ഗിച്ചു.

എം.സി.വൈ.എമ്മിൻറെ നേതൃത്വത്തിൽ 2023 ജൂലൈ പതിനഞ്ചാം തിയതി പട്ടം മാർ ഇവാനിയോസ് കബറിൽ നിന്ന് ആരംഭിച്ച മൂവാറ്റുപുഴ രൂപതയുടെ വിവിധ ഇടവകളോട് പ്രയാണം ചെയ്ത പുനരൈക്യ ദീപശിഖ പ്രയാണത്തിനു കത്തീഡ്രൽ   ദേവാലയത്തിൽ കാതോലിക്കാ ബാവയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. അതേസമയം തന്നെ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിൽ നിന്നുള്ള വചനപ്രഘോഷൻ ഫാ. ബിനോയ്  കരിമരുതിങ്കൽ  നേതൃത്വത്തിൽ സുവിശേഷ സന്ധ്യയും  വിശുദ്ധ കുർബാനയുടെ ആരാധനകയും നടത്തപ്പെട്ടു.ഭദ്രാസനത്തിൻറെ ആസ്ഥാനമന്ദിരത്തിൽ  6 മുതൽ 8.30 വരെ പരിശുദ്ധ എപ്പിസ്കോപ്പൽ സുനഹദോസിൻറെ പ്രത്യേകയോഗം നടന്നു. പ്രധാന ദിവസമായ വ്യാഴാഴ്ച്ച  രാവിലെ എട്ടുമണിക്ക് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയുടെ മുഖ്യ കാർമ്മികത്വത്തിൽ, സഭയുടെ എല്ലാ പിതാക്കന്മാരുടെയും വൈദികരുടെയും സഹകാർമ്മികത്വത്തിൽ ആഘോഷമായ  കുർബാനയോടെയാണ്  ചടങ്ങുകൾ ആരംഭിക്കുക. കോഴിക്കോട് രൂപതാധ്യക്ഷനും, കെ. ആർ. എൽ .സി. സി യുടെ പ്രസിഡണ്ടുമായ മോസ്റ്റ്. റവ. ഡോ. വർഗീസ് ചക്കാലക്കൽ തിരുവചനസന്ദേശം നൽകും.

വിശുദ്ധ കുർബാനയുടെ അവസാനം ദൈവജനത്തിനുള്ള  സഭാതലവൻറെ പുനരൈക്യസന്ദേശം കാതോലിക്കാബാവാ നൽകുന്നതാണ്. 93-ാം പുനരൈക്യവാർഷികത്തോടനുബന്ധിച്ച് മൂവാറ്റുപുഴ രൂപത ഏറ്റെടുത്തു നടത്തിയ വിവിധ കാരുണ്യപ്രവർത്തനങ്ങളായ 5 ഭവനങ്ങളുടെ നിർമ്മാണം, 100 കുട്ടികൾക്കുള്ള വിദ്യാഭ്യാസ സഹായം, എൻഡോവ്മെൻറ് ഇവ ഉദ്ഘാടനം ചെയ്യപ്പെടും.തുടർന്ന്, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഭിമാനമായി പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ നിയോഗിച്ച ഖസാക്കിസ്ഥാൻറെ അപ്പസ്തോലിക് ന്യുൻഷിയോ ആർച്ചുബിഷപ്പ് ജോർജ് പനംതുണ്ടിലിനെ ഭദ്രാസനം ആദരിക്കുന്നു. ഉച്ചയ്ക്ക് ഒന്നിന് നാല് സമ്മേളന നഗരികളിലായി 4  വിവിധ സമ്മേളനങ്ങൾ നടത്തപ്പെടും. സെൻറ് ജോസഫ് കത്തീഡ്രൽ ദേവാലയത്തിൽ എം.സി.വൈ.എം ആഗോള യുവജന  സമ്മേളനം നടക്കും. എം.സി.വൈ.എം സഭാതല പ്രസിഡന്റ് ഏഞ്ചൽ മേരി അധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. മാർ ഇവാനിയോസ് നഗറിൽ നടത്തപ്പെടുന്ന എം.സി.എ യുടെ നേതൃത്വത്തിലുള്ള ആഗോള അൽമായ സംഗമത്തിൻറെ സഭാതലപ്രസിഡൻറ് അഡ്വ. എബ്രഹാം എം പട്യാനി  അധ്യക്ഷത വഹിക്കും. സി.ബി.സി.ഐ.ലെയ്റ്റി കമ്മീഷൻ സെക്രട്ടറി അഡ്വ.വി സി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തും. കെ എം ആർ എമ്മിൻറെ വിദ്യാർത്ഥികൾക്കുള്ള വിദ്യാശ്രീ പുരസ്കാരം മൂവാറ്റുപുഴ രൂപതാ അധ്യക്ഷൻ ബിഷപ്പ് ഡോ.യുഹാനോൻ മാർ തെയോഡോഷ്യസ് മെത്രാപ്പോലീത്ത നിർവ്വഹിക്കും. ദൈവശാസ്ത്ര സമ്മേളനം ബിഷപ്പ് ഹൗസിലുള്ള മാർ തെയോഫിലോസ് നഗറിൽ നടത്തപ്പെടുന്നു.

കുട്ടികളുടെ സംഘടനയായ എം.സി.സി.എൽ സമ്മേളനം വിശുദ്ധ ഷാർബേലിൻറെ ചാപ്പലിൽ നടത്തപ്പെടുന്നു. കോതമംഗലം രൂപതയുടെ അധ്യക്ഷൻ മാർ ജോർജ് മഠത്തികണ്ടത്തിൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്യും.വിവിധ സമ്മേളനങ്ങളെ തുടർന്ന്  മാർ ഇവാനിയോസ് നഗറിൽ  സുവിശേഷ സംഘ പ്രാർത്ഥന ശുശ്രൂഷയും വി.കുർബാനയുടെ ആരാധനയും ബിഷപ്പ് ഡോ. ആൻറണി മാർ സിൽവാനോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നടത്തും. സഭയുടെ വിവിധ രൂപതകളിൽ നിന്നും, പ്രദേശങ്ങളിൽ നിന്നുമായി ആയിരകണക്കിന് വിശ്വാസികൾ സംഗമത്തിൽ പങ്കെടുക്കുന്നതാണ്. തുടർന്ന്, 2024-ൽ 94-ാം പുനരൈക്യവാർഷികം എറ്റെടുത്തുനടത്തുന്ന രൂപത കാതോലിക്കാബാവായിൽ നിന്ന് പതാക എറ്റുവാങ്ങും.ആഘോഷപരിപാടികൾക്ക് ജനറൽ കൺവീനർ വന്ദ്യ. തോമസ് ഞാറക്കാട്ട് കോർഎപ്പിസ്കോപ്പ, റവ.ഫാ. മൈക്കിൾ വടക്കേവീട്ടിൽ, റവ.ഫാ.വർഗീസ് പണ്ടാരംകുടിയിൽ, ഫാ. ഷാജു വെട്ടിക്കാട്ടിൽ, ആഘോഷ കമ്മിറ്റി ജനറൽ സെക്രട്ടറി വി.സി ജോർജുകുട്ടി,  കൺവീനമാരായ ഫാ. ആൻറണി വേങ്ങനിൽക്കുന്നതിൽ, എഡിസൺ ജി. വർഗീസ് ഷിബു പനച്ചിക്കൽ,  എബിഷ് കൂരാപ്പള്ളിൽ എന്നിവർ നേതൃത്വം നൽകി.

Related Articles

Back to top button
error: Content is protected !!