ChuttuvattomIdukkiThodupuzha

കുറഞ്ഞ ചെലവില്‍ പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ സഞ്ചാരികളെ കാത്ത് മണക്കയം

തൊടുപുഴ: പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന ഒട്ടനവധി വെള്ളച്ചാട്ടങ്ങളും പുഴകളും കൊണ്ട് അനുഗ്രഹീതമാണ് ഇടുക്കി ജില്ല. ചിലതൊക്കെ മഴക്കാലത്ത് കലി തുള്ളിയൊഴുകുമെങ്കിലും ഒട്ടമിക്കവയും വേനലില്‍ വറ്റി വരളും. എന്നാല്‍ വര്‍ഷത്തില്‍ എല്ലാ ദിവസവും ജലസമൃദ്ധമായ ഉടുമ്പന്നൂര്‍ വേളൂര്‍ പുഴയിലെ മണക്കയം ഇവയില്‍ നിന്നൊക്കെയും വ്യത്യസ്ഥമാണ്. ശക്തമായ മഴക്കാലത്തൊഴികെ ബാക്കി സമയങ്ങളിലെല്ലാം സ്വിമ്മിങ് പൂളിലെന്ന പോലെ വെള്ളം കിടക്കുന്നതിനാല്‍ ഇവിടം താരതമ്യേന അപകട രഹിതം കൂടിയാണ്. ഇടുക്കി വനത്തിന്റെ നിബിഡതയില്‍ നിന്നും ഉത്ഭവിച്ച് കല്ലിലും പാറക്കൂട്ടങ്ങളിലും തട്ടി പതഞ്ഞൊഴുകിയെത്തുന്ന വേളൂര്‍ പുഴ കാണുന്നത് തന്നെ വിസ്മയമാണ്. പുഴയുടെ ഇരുവശങ്ങളിലും ആകാശം മുട്ടി നില്‍ക്കുന്ന പടുകൂറ്റന്‍ മരങ്ങളുണ്ട്.

പക്ഷികളും ചീവീടുകളും ഉള്‍പ്പെടെ ചെറു ജീവികളുടെ നിലയ്ക്കാത്ത ശബ്ദവും കേള്‍ക്കാം. മണക്കയത്തെത്തിയാല്‍ കാത്തിരിക്കുന്നത് ഏവരുടേയും മനം മയക്കും കാഴ്ചകളാണ്. തൊടുപുഴ – മലയിഞ്ചി റൂട്ടിലെ ആള്‍ക്കല്ലിന് സമീപത്താണ് മണക്കയം സ്ഥിതി ചെയ്യുന്നത്. പ്രധാന റോഡില്‍ നിന്നാല്‍ ഇവിടം കാണാം. മണക്കയത്തിന് ബബ്ളു കയം, കാക്കരാനിക്കല്‍ കയം എന്നിങ്ങനെ കൗതുകകരമായ ചില പേരുകള്‍ കൂടിയുണ്ട്. വലിയ മഴയില്‍ കര കവിയുമെങ്കിലും അല്ലാത്തപ്പോള്‍ സ്വിമ്മിങ് പൂളിലെന്ന പോലെ ഒരേ ലെവലിലാണ് വെള്ളം. മറ്റിടങ്ങളെ അപേക്ഷിച്ച് താരതമ്യേന അപകട രഹിതമായതിനാല്‍ കുളിക്കാനും നീന്താനുമൊക്കെയായി നിരവധിയാളുകളാണ് ഇവിടെയെത്തുന്നത്.

വനം വകുപ്പിന്റെ വേളൂര്‍ കൂപ്പിന് നടുവില്‍ കൂടിയാണ് പുഴയൊഴുകുന്നത്. ഇരുകരകളിലും ജനവാസ മേഖലയാണ്. മണക്കയത്തിന് സമീപത്തായി ജില്ലാ പഞ്ചായത്ത് നിര്‍മിച്ച പാലവുമുണ്ട്. പുഴയുടെ ദൂരക്കാഴ്ചകള്‍ ആസ്വദിക്കാനാവും വിധമാണ് പാലത്തിന്റെ നിര്‍മാണം. പാലം കടന്ന് മറുകരയെത്തിയാല്‍ പുഴയോരത്ത് വിശാലമായ പാറയാണുള്ളത്. കുറച്ച് കൂടി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയാല്‍ ഇവിടേക്ക് കൂടുതല്‍ സഞ്ചാരികളെത്തും. ഇവിടെ നിന്നും ചേലകാട് എന്ന പ്രദേശത്തേക്ക് വനത്തിന്റെ ഭംഗിയാസ്വദിച്ച് പുഴയോരത്ത് കൂടി നടന്ന് പോകാം. ഈ വഴിയില്‍ കുറഞ്ഞ ദൂരത്തിനുള്ളില്‍ പുഴക്ക് കുറുകെ അഞ്ച് തൂക്ക് പാലങ്ങളും അതിലെ യാത്രയും കൗതുകകരവും അതേ സമയം സാഹസികവുമാണ്. ദൈനംദിന ജീവിത തിരക്കില്‍ നിന്നുമൊഴിഞ്ഞ് അല്‍പ്പ നേരം പ്രകൃതി ഭംഗി ആസ്വദിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഏത് സമയവും ഇവിടേക്ക് കടന്ന് വരാം.

Related Articles

Back to top button
error: Content is protected !!