Thodupuzha

മണക്കാട് പ്രാഥമികാരോഗ്യ കേന്ദ്രം ഇനി സാമൂഹികാരോഗ്യ കേന്ദ്രം; പ്രഖ്യാപനം 17ന് മുഖ്യമന്ത്രി നിര്‍വഹിക്കും

തൊടുപുഴ: മണക്കാട് പഞ്ചായത്തില പ്രാഥമികാരോഗ്യ കേന്ദ്രത്തെ സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയതിന്റെ പ്രഖ്യാപനം 17ന് മുഖ്യമന്ത്രി നിര്‍വഹിക്കുമെന്ന് പഞ്ചായത്ത് അധികൃതര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പുതുപ്പെരിയാരത്ത് പ്രവര്‍ത്തിച്ചു വരുന്ന പി.എച്ച്.സിയെ, കൂടുതല്‍ മെച്ചപ്പെട്ട സേവനം പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന വിധം ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയാണ് കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് രൂപം നല്‍കിയ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തിയാണിത്. ഇതോടനുബന്ധിച്ച് നടക്കുന്ന യോഗത്തിന്റെ ഉദ്ഘാടനം 17ന് രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അധ്യക്ഷത വഹിക്കും. മണക്കാട് ആശുപത്രി അങ്കണത്തില്‍ ചേരുന്ന പ്രാദേശിക യോഗം ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് ഉദ്ഘാടനം ചെയ്യും. ശിലാഫലക അനാച്ഛാദനവും എം.പി നിര്‍വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് അധ്യക്ഷത വഹിക്കും.

ആരോഗ്യ മേഖലയില്‍ അലോപ്പതി, ആയുര്‍വേദം, ഹോമിയോ സിദ്ധ എന്നീ വിഭാഗങ്ങള്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയില്‍ മുഖ്യചികിത്സാ വിഭാഗമായ അലോപ്പതിക്ക് ഒരു ഡിസ്പെന്‍സറിയാണ് ആദ്യം ആരംഭിക്കുന്നത്. തുടക്കത്തില്‍ വാടകകെട്ടിടത്തിലായിരുന്നത് പിന്നീട് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സാ സംവിധാനങ്ങളിലേക്ക് മാറി. നാട്ടുകാരില്‍ നിന്ന് സംഭാവന സമാഹരിച്ച് ഒരു ഏക്കര്‍ സ്ഥലം വാങ്ങിയാണ് ആശുപത്രി കെട്ടിടം നിര്‍മിച്ചത്. ഈ ആശുപത്രിക്ക് കീഴില്‍ പുതുപ്പരിയാരം, പെരിയാമ്പ്ര, വഴിത്തല എന്നിവിടങ്ങളില്‍ മൂന്ന് സബ്സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ കേന്ദ്രങ്ങളിലൂടെ കൂടുതല്‍ സേവനങ്ങള്‍ ലഭ്യമാകുന്നതിന് ഇവയെ ഹെല്‍ത്ത് ആന്റ് വെല്‍നെസ് കേന്ദ്രങ്ങളായി ഉയര്‍ത്തുകയാണ്. ആദ്യഘട്ടമായി പുതുപ്പരിയാരം സബ്സെന്ററിന് ഏഴ് ലക്ഷം രൂപ അനുവദിച്ച് ഭൗതിക സൗകര്യങ്ങള്‍ നവീകരിച്ച് വരികയാണ്. മണക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പാലിയേറ്റീവ് പരിചരണം, ആരോഗ്യ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ച് സംസ്ഥാന സര്‍ക്കാരിന്റെ ‘ആരോഗ്യ കേരളം പുരസ്‌കാരം’ ലഭിച്ചിരുന്നു. കേന്ദ്ര ആരോഗ്യ ഭൗതിക വിഭാഗത്തില്‍ നിന്ന് ലഭ്യമായ 15 ലക്ഷം രൂപ വിനിയോഗിച്ച് ആധുനിക രീതിയില്‍ നവീകരിച്ച കെട്ടിടത്തിലാണ് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം ആരംഭിക്കുക. നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരുടെ എണ്ണം ഒന്നില്‍ നിന്ന് മൂന്നായി വര്‍ധിക്കും. ചികിത്സാ സേവന സമയം രാവിലെ ഒമ്പത് മുതല്‍ ആറ് വരെയാകും. നിലവിലിത് ഒമ്പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെയായിരുന്നു. കൂടാതെ രോഗനിര്‍ണയത്തിനായി ആധുനിക ലബോറട്ടറി സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇവിടേക്ക് താത്കാലികമായി ലാബ് ടെക്നീഷ്യനെ എന്‍.എച്ച്.എമ്മില്‍ നിന്ന് ലഭ്യമാക്കും. തുടര്‍ന്ന് പഞ്ചായത്ത് കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യനെ നിയമിക്കും. മണക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവരുടെ സ്തുത്യര്‍ഹമായ സേവനങ്ങളുടെ അംഗീകാരമായിട്ടാണ് ഈ സ്ഥാപനത്തെ കുടുംബാരോഗ്യകേന്ദ്രമാക്കി ഉയര്‍ത്തിയതെന്ന് പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ്, വൈസ് പ്രസിഡന്റ് റോഷ്‌നി ബാബുരാജ്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. ജേക്കബ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!