ChuttuvattomThodupuzha

തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് മഹോത്സവം

തൊടുപുഴ: ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ മണ്ഡല-മകരവിളക്ക് പ്രമാണിച്ച് അയ്യപ്പഭക്തര്‍ക്കായി വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിരിവയ്ക്കാനും ഭക്ഷണത്തിനും കുടിവെള്ളത്തിനും വാഹനപാര്‍ക്കിംഗിനും
ഉള്ള എല്ലാവിധ ക്രമീകരണങ്ങളും ക്ഷേത്രം ഒരുക്കി നല്‍കും. ഇടത്താവളത്തിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് വൃശ്ചികം ഒന്നിന് രാവിലെ 9 ന് ഭദ്രദീപപ്രകാശനം നടത്തി നിര്‍വ്വഹിക്കും. തൊടുപുഴ സി.ഐ സുമേഷ് സുധാകര്‍ മുഖ്യാതിഥിയായി പങ്കെടുക്കും. അയ്യപ്പഭക്തര്‍ക്കായി ക്ഷേത്ര കോമ്പൗണ്ടില്‍ നിന്നും പമ്പയിലേക്ക് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി സ്‌പെഷ്യല്‍ ബസ് സര്‍വീസിന്റെ ഉദ്ഘാടനം പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വ്വഹിക്കും
.

തൊടുപുഴ തഹസില്‍ദാര്‍ എം. അനില്‍കുമാര്‍, കെ.എസ്.ആര്‍.ടി.സി ഡി.ടി.ഒ രാധാകൃഷ്ണന്‍ കെ.പി. തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും. മണ്ഡലകാലം മുതല്‍ മകരവിളക്ക് വരെ സ്‌പെഷ്യല്‍ ദീപാരാധനയും ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും. ദീപാരാധന ബുക്ക് ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. അയ്യപ്പഭക്തര്‍ക്ക് കെട്ടു നിറയ്ക്കാനാവശ്യമായ എല്ലാവിധ സാധനങ്ങളും ക്ഷേത്ര കൗണ്ടറില്‍ നിന്നും മിതമായ വിലയ്ക്ക് ലഭ്യമാണ്. ഇരുമുടികെട്ട് നിറയ്ക്കുന്ന സ്വാമിഭക്തര്‍ രസീത് കൈപ്പറ്റി ശാസ്താനടയില്‍ കെട്ടു നിറയ്ക്കാവുന്നതാണ്. മണ്ഡലമഹോത്സവം പ്രമാണിച്ച് എല്ലാ ദിവസവും ക്ഷേത്രത്തില്‍ ഭജന, ഭക്തിഗാനസുധ, അയ്യപ്പന്‍പാട്ട് തുടങ്ങിയ എല്ലാവിധ പരിപാടികളും നടത്തുവാന്‍ സൗകര്യമുണ്ട്. താല്പര്യമുള്ളവര്‍ ക്ഷേത്ര ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. പമ്പയിലേക്ക് പുറപ്പെടുന്ന കെ.എസ്.ആര്‍.ടി.സി ബസിന് ഡിപ്പോയില്‍ നിന്നും അഡ്വാന്‍സ് ബുക്കിംഗിനുള്ള സൗകര്യം ലഭ്യമാണെന്ന് എ.എന്‍. പ്രദീപ് നമ്പൂതിരിപ്പാട് (മാനേജിംഗ് ട്രസ്റ്റി), കെ.കെ. പുഷ്പാംഗദന്‍ (ക്ഷേത്രം രക്ഷാധികാരി), ബി. ഇന്ദിര (ക്ഷേത്രം മനേജര്‍), ഭാരവാഹികളായ കെ.ആര്‍. വേണു, സി.സി. കൃഷ്ണന്‍, സി. രാധാകൃഷ്ണന്‍, ബി. വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!