Thodupuzha

മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ ടാറിംങ് തകര്‍ന്നതിനെച്ചൊല്ലി നഗരസഭ കൗണ്‍സിലില്‍ ബഹളം

 

തൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ ടാറിംങ് തകര്‍ന്നതിനെച്ചൊല്ലി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ രൂക്ഷ വിമര്‍ശനം. നിര്‍മ്മാണം നടത്തി രണ്ട് മാസത്തിനുള്ളിലാണ് ടാര്‍ പലയിടത്തും പൊളിഞ്ഞത്. പ്രതിഷേധത്തെ തുടര്‍ന്ന് സ്റ്റാന്‍ഡില്‍ റീടാറിംങ് നടത്താന്‍ തീരുമാനിച്ചു. മഴ മാറിയാലുടന്‍ പണി നടത്താനാണ് തീരുമാനം. മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലെ ടാറിംങ് തകര്‍ന്നതിനെ സംബന്ധിച്ച് വാര്‍ഡ് കൗണ്‍സിലര്‍ മുഹമ്മദ് അഫ്സലാണ് കൗണ്‍സിലിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് പ്രതിപക്ഷാംഗങ്ങളും ഇക്കാര്യത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തി. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണവും നടപടിയും വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടത്. നിലവാരം കുറഞ്ഞ രീതിയില്‍ ടാറിംഗങ നടത്തിയ എന്‍ജിനീയറിംഗ് വിഭാഗത്തില്‍ നിന്നും ഇതിന്റെ നഷ്ടം തിരിച്ചു പിടിക്കണമെന്ന് കോണ്‍ഗ്രസ് അംഗം കെ.ദീപക് ആവശ്യപ്പെട്ടു. റീ ടാറിംങ് ജോലികള്‍ കരാറുകാരന്റെയും മുനിസിപ്പില്‍ എന്‍ജിനീയറുടെയും ചെലവില്‍ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. ചതുപ്പ് സ്വഭാവമുള്ള പ്രദേശമായതിനാലാണ് ടാര്‍ പെട്ടെന്ന് ഇളകിയതെന്നായിരുന്നു ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വിശദീകരണം. തുടര്‍ന്നാണ് റീടാറിംങ് നടത്താമെന്ന് ചെയര്‍മാന്‍ സനീഷ് ജോര്‍ജ് അറിയിച്ചത്. വീണ്ടും പ്രശ്നമുണ്ടായാല്‍ ഉത്തരവാദിത്വപ്പെട്ട ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!