ChuttuvattomThodupuzha

മീറ്റര്‍ റീഡിങ്ങില്‍ കൃത്രിമം: ഒരു കെ.എസ്.ഇ.ബി ജീവനക്കാരനെതിരെ കൂടി വകുപ്പുതല നടപടി

തൊടുപുഴ: മീറ്റര്‍ റീഡിങില്‍ കൃത്രിമം കാട്ടി കെ.എസ്.ഇ.ബിക്ക് വൈദ്യുതി ബില്‍ ഇനത്തില്‍ ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തില്‍ ഒരു ജീവനക്കാരനെതിരെ കൂടി വകുപ്പുതല നടപടി. തൊടുപുഴ സെക്ഷന്‍ 1 ഓഫീസിലെ ഓവര്‍സീയര്‍ തോമസ് മാത്യുവിനെയാണ് സസ്പെന്റ് ചെയ്തത്. കെ.എസ്.ഇ.ബി വിജിലന്‍സിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിര്‍ദേശപ്രകാരമാണ് നടപടി. മൂന്ന് മാസം മുമ്പ് സെക്ഷന്‍ ഒന്നിലെ മീറ്റര്‍ റീഡിങ് എടുത്തിരുന്ന കരാര്‍ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനും സീനിയര്‍ അസിസ്റ്റന്റിനുമെതിരെ സസ്പെന്‍ഷന്‍ നടപടിയുമെടുത്തിരുന്നു. ഇതിന് ശേഷം കഴിഞ്ഞ മാസം അവസാനം ഒരു അസി. എന്‍ജിനീയറെയും രണ്ട് സബ് എന്‍ജിനീയര്‍മാരെയും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിരിച്ചുവിട്ട കരിമണ്ണൂര്‍ സ്വദേശിയായ കരാര്‍ ജീവനക്കാരന്‍ രണ്ട് വര്‍ഷത്തോളം മീറ്റര്‍ റീഡിങ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോര്‍ഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തല്‍.

കരാര്‍ ജീവനക്കാരനെ നിരീക്ഷിക്കുന്നതില്‍ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥരെ സസ്പന്‍ഡ് ചെയ്തത്. ഇവര്‍ക്ക് ക്രമക്കേടില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. മേയില്‍ മീറ്റര്‍ റീഡര്‍മാരെ പരസ്പരം സ്ഥലംമാറ്റിയപ്പോഴാണ് വന്‍ ക്രമക്കേട് കണ്ടെത്തിയത്. പുതിയ ജീവനക്കാരന്‍ റീഡിങ് എടുത്തപ്പോള്‍ ചില മീറ്ററുകളിലെ റീഡിംഗില്‍ പ്രകടമായ മാറ്റം കണ്ടെത്തി. ആ മാസം 140 ഓളം ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ബില്‍ വളരെയധികം കൂടി. ശരാശരി 2,000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബില്‍ കുത്തനെ ഉയര്‍ന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തില്‍ വര്‍ദ്ധന കണ്ടെത്തിയത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റര്‍ റീഡിങ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ റീഡിങില്‍ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാര്‍ഥ റീഡിങിനേക്കാള്‍ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്തിന് വേണ്ടിയാണ് ഇയാള്‍ ഇത് ചെയ്തതെന്ന് വ്യക്തമായില്ല. തുടര്‍ന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലന്‍സിന് കൈമാറിയത്.

വിജിലിന്‍സ് അന്വേഷണം പുരോഗമിക്കുന്നതിനിടെ കഴിഞ്ഞ മാസവും തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാര്‍ഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കള്‍ക്ക് വന്‍തുകയുടെ വൈദ്യുതി ബില്‍ ലഭിച്ചു. ശരാശരി 2000- 2500 രൂപ തോതില്‍ ബില്‍ വന്നിരുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 30,000 മുതല്‍ 60,000 രൂപ വരെയാണ് ബില്‍ വന്നത്. തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെയും കൗണ്‍സിലര്‍ കെ. ദീപക്കിന്റെയും നേതൃത്വത്തില്‍ ഉപഭോക്താക്കള്‍ കെ.എസ്.ഇ.ബി ഓഫീസില്‍ പ്രതിഷേധവുമായെത്തിയിരുന്നു. പിരിച്ചുവിട്ട മീറ്റര്‍ റീഡര്‍ നേരത്തെ റീഡിങ് എടുത്തിരുന്ന മേഖലയിലാണ് വീണ്ടും ബില്ലില്‍ ക്രമക്കേട് ഉണ്ടായതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ കെ.എസ്.ഇ.ബി ഓഫീസുകളില്‍  വിജിലന്‍സ് വിഭാഗം പരിശോധന നടത്തി. തൊടുപുഴയിലെ പോലെ എന്തെങ്കിലും ക്രമക്കേടുകളോ തിരിമറിയോ ഉണ്ടോയെന്നാണ് കെ.എസ്.ഇ.ബി വിജിലന്‍സ് വിഭാഗം പ്രധാനമായും പരിശോധിച്ചത്. എന്നാല്‍ ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.

 

 

Related Articles

Back to top button
error: Content is protected !!