Thodupuzha

മണിപ്പൂര്‍ കലാപം: യുഡിഎഫ് ധര്‍ണ്ണ 24 ന് തൊടുപുഴയില്‍

തൊടുപുഴ: മണിപ്പൂര്‍ കലാപം കത്തിപ്പടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുന്നതില്‍ പ്രതിഷേധിച്ചുകൊണ്ടും കലാപം അവസാനിപ്പിച്ച് വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ജൂണ്‍ 24ന് രാവിലെ 11 മണിക്ക് തൊടുപുഴയില്‍ സമാധാന ജ്വാല തെളിയിച്ച് പ്രതിഷേധിക്കുമെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയ് വെട്ടിക്കുഴിയും, കണ്‍വീനര്‍ പ്രൊഫ: എം ജെ ജേക്കബും അറിയിച്ചു. തൊടുപുഴയില്‍ നടക്കുന്ന സമാധാന ജ്വാലയുടെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പിജെ ജോസഫ് എംഎല്‍എ നിര്‍വഹിക്കും. ഇടുക്കി ജില്ലാതല പ്രതിഷേധ സമരമാണ് തൊടുപുഴയില്‍ സംഘടിപ്പിക്കുന്നത്. തൊടുപുഴ ഗാന്ധി സ്‌ക്വയറില്‍, ഗാന്ധിജിയുടെ പ്രതിമയ്ക്ക് മുന്നിലാണ് യുഡിഎഫ് ഒത്തുചേരല്‍ നടത്തുക. ഇന്ത്യയുടെ അടുത്തകാല ചരിത്രത്തില്‍ മണിപ്പൂരില്‍ ഇപ്പോള്‍ നടക്കുന്നതുപോലെയുള്ള നരനായാട്ട് ഉണ്ടായിട്ടില്ല. ജനങ്ങള്‍ ജാതി തിരിഞ്ഞും വര്‍ഗ്ഗം തിരിഞ്ഞും പരസ്പരം കൊല ചെയ്യുകയാണ്. ന്യൂനപക്ഷങ്ങള്‍ക്ക് യാതൊരുവിധ സംരക്ഷണവും നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവുന്നില്ല എന്ന് മാത്രമല്ല, അക്രമികള്‍ക്ക് സര്‍ക്കാരിന്റെ പരസ്യ പിന്തുണയും നല്‍കുകയാണ്. മതന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. ജനങ്ങള്‍ ആ സംസ്ഥാനത്തു നിന്നും ഭയന്ന് പാലായനം ചെയ്യുകയാണ്. മണിപ്പൂര്‍ സംസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി നടത്തിയ സന്ദര്‍ശനത്തിനു ശേഷവും അക്രമം വര്‍ധിക്കുകയാണ് ചെയ്തത്. രൂക്ഷമായ ഈ പ്രശ്നം അവതരിപ്പിക്കാന്‍ പ്രധാനമന്ത്രിയെ കാണാന്‍ പ്രതിപക്ഷ നേതാക്കള്‍ സമയം ചോദിച്ചെങ്കിലും അതിന് പോലും തയ്യാറാകാത്തത് വര്‍ഗീയതയെ പരമാവധി പ്രോത്സാഹിപ്പിക്കുക എന്ന നയത്തിന്റെ ഭാഗമാണെന്നെ കാണാന്‍ കഴിയുകയുള്ളൂ. മതേതരത്വം സംരക്ഷിക്കാന്‍ എല്ലാവരും അണിചേരേണ്ട സമയമാണിത്. തൊടുപുഴ നടക്കുന്ന സമാധാന ജ്വാലയുടെ ഉദ്ഘാടനം കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ് എംഎല്‍എ നിര്‍വ്വഹിക്കും. ഡീന്‍ കുര്യാക്കോസ് എംപിയും മറ്റ് യുഡിഎഫ് നേതാക്കളും പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!