Idukki

മണിപ്പൂര്‍ കലാപം:എല്‍.ഡി.എഫ് പ്രതിഷേധം 27 ന് കട്ടപ്പനയില്‍

ഇടുക്കി: ബി.ജെ.പിയുടെ വര്‍ഗീയ ധ്രുവീകരണ രാഷ്ട്രീയത്തിന്റെ ഭാഗമായി മണിപ്പൂരില്‍ തുടരുന്ന കലാപത്തിലും അക്രമത്തിലും പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ 27 ന് വൈകിട്ട് 4 ന് കട്ടപ്പനയില്‍ വമ്പിച്ച പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്ന് ജില്ലാ കണ്‍വീനര്‍ കെ.കെ. ശിവരാമന്‍ അറിയിച്ചു. സംഘ പരിവാറിന്റെ വിഭജന രാഷ്ട്രീയത്തിന്റെ ഇരകളായി പതിനായിരക്കണക്കിന് ആളുകളാണ് ആക്രമിക്കപ്പെടുന്നത്. രണ്ട് മാസത്തോളമായി തുടര്‍ന്നു വരുന്ന കലാപത്തെ നിയന്ത്രിക്കാന്‍ ബി.ജെ.പി സര്‍ക്കാരിന് കഴിയുന്നില്ല. ഭരണകൂട ഒത്താശയോടുകൂടിയാണ് കലാപം പിറവിയെടുത്തത്. അറുപതിനായിരത്തോളം പേര്‍ ഇതിനോടകം അഭയാര്‍ത്ഥികളായി മാറി. അയ്യായിരത്തിലധികം വീടുകള്‍ അഗ്നിക്കിരയായി. മൂന്നൂറിലേറെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും തീവെച്ച് നശിപ്പിക്കപ്പെടുകയും ചെയ്തു. സായുധ സേനയുടെ നാലായിരം തോക്കുകള്‍ കലാപകാരികള്‍ മോഷ്ടിച്ചെടുത്തു. എല്ലാ വിഭാഗത്തില്‍ നിന്നുമുള്ള തീവ്രവാദ സംഘടനകളെയും അവരുടെ നേതൃത്വത്തെയും ഒളിഞ്ഞും തെളിഞ്ഞും പ്രോത്സാഹിപ്പിക്കുകയും തമ്മിലടിക്കാന്‍ പിന്തുണ നല്‍കുകയും ചെയ്തു വന്ന ബി.ജെ.പിയുടെ സമീപനമാണ് കലാപത്തെ ആളിക്കത്തിച്ചത്. വര്‍ഗീയ ചേരിതിരിവ് സൃഷ്ടിച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുന്ന സംഘപരിവാറിന്റെ രഹസ്യ അജണ്ടയുടെ ദുരിതം പേറുന്ന മണിപ്പൂര്‍ ജനതയ്ക്ക് നീതി ലഭിക്കാന്‍ രാജ്യത്തെമ്പാടും പോരാട്ടങ്ങള്‍ സംഘടിപ്പിക്കാനാണ് ഇടതുപക്ഷം തീരുമാനിച്ചിട്ടുള്ളത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കുകയും ജനജീവിതം സാധാരണ നിലയിലേക്ക് തിരികെ കൊണ്ടുവരും വരെയും പ്രതിഷേധം തുടരുക തന്നെ ചെയ്യും. ജൂലൈ 5 ന് ജില്ലയിലെ അസംബ്ലി മണ്ഡലം കേന്ദ്രങ്ങളിലും പ്രതിഷേധ യോഗം സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഇടുക്കിയില്‍ ചേര്‍ന്ന എല്‍.ഡി.എഫ് യോഗത്തില്‍ വിവിധ കക്ഷി നേതാക്കളായ സി.വി. വര്‍ഗീസ്, കെ. സലിം കുമാര്‍, ജോസ് പാലത്തിനാല്‍, അഡ്വ. കെ.ടി. മൈക്കിള്‍, ആമ്പല്‍ ജോര്‍ജ്ജ്, സിബി മൂലേപ്പറമ്പില്‍, കെ.എം. റോയി, സി.എം. അസീസ്, എം.എ. ജോസഫ്, എം.എം. സുലൈമാന്‍, ജോണി ചെരിവുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!