Thodupuzha

പച്ചക്കറി വ്യാപാരിക്ക് നേരെ ആക്രമണമുണ്ടായതായി പരാതി

തൊടുപുഴ: മറയൂര്‍ ശര്‍ക്കരയുടെ വിലയുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ പേരില്‍ പച്ചക്കറി വ്യാപാരിക്ക് നേരെ ആള്‍ക്കൂട്ട ആക്രമണമുണ്ടായതായി പരാതി.തൊടുപുഴ കാഞ്ഞിരമറ്റം ബൈപ്പാസ് ജംഗ്ഷനില്‍ ജയ് കിസാന്‍ മാര്‍ക്കറ്റ് നടത്തുന്ന ഇടവെട്ടി സ്വദേശി അന്‍വറിന് നേരെയാണ് വെള്ളിയാഴ്ച രാത്രി എട്ടു മണിയോടെ ആക്രമണം ഉണ്ടായത്. സാരമായി പരിക്കേറ്റ അന്‍വര്‍ തൊടുപുഴയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദ്ദനത്തില്‍ ചെവിയുടെ കേള്‍വി ശക്തി 96 ശതമാനവും നഷ്ടപ്പെട്ടതായി അന്‍വര്‍ പറയുന്നു. അന്‍വറിന്റെ കടയില്‍ നിന്ന് മറയൂര്‍ ശര്‍ക്കര വാങ്ങിയ യുവാവ് വില കൂടുതലാണെന്നു പരാതി പറഞ്ഞു.

 

തര്‍ക്കത്തിനൊടുവില്‍ ഇരുപതു രൂപ കുറച്ചു കൊടുക്കുകയും ചെയ്തു. തുടര്‍ന്നും ഇയാള്‍ അസഭ്യവര്‍ഷം നടത്തി. പിന്നീട് ഇയാള്‍ ഫോണില്‍ വിളിച്ച്‌ വരുത്തിയ സുഹൃത്തുക്കള്‍ തന്നെ കടയ്ക്കുള്ളില്‍ ഇട്ട് തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്ന് അന്‍വര്‍ പറയുന്നു. ഇടതു കണ്ണിനു പൂര്‍ണ്ണമായും കാഴ്ചയുമില്ലാത്തയാളാണ് അന്‍വര്‍. ഒറിജിനല്‍ മറയൂര്‍ ശര്‍ക്കരയാണ് ഇവിടെ വില്‍ക്കുന്നതെന്നും അതിനാലാണ് വില കൂടുതലെന്നും അന്‍വര്‍ പറഞ്ഞു. ആശുപത്രിയില്‍ ചികിത്സ തേടിയ അന്‍വര്‍ തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!