Thodupuzha

മാസ്റ്റര്‍ പ്ലാന്‍: നിര്‍മാണ നിരോധനം പിന്‍വലിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

 

തൊടുപുഴ : നഗരസഭയുടെ കരട് മാസ്റ്റര്‍ പ്ലാനില്‍ മേലുള്ള നിര്‍മാണ നിരോധനം പിന്‍വലിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍.
തൊടുപുഴയില്‍ ഏറെ പ്രതിഷേധങ്ങള്‍ക്കും, സമരങ്ങള്‍ക്കും വഴിയൊരുക്കിയ തൊടുപുഴ നഗരസഭയുടെ അശാസ്ത്രീയമായ കരട് മാസ്റ്റര്‍ പ്ലാന്‍ ഭേദഗതികളോടെ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചെങ്കിലും മാസ്റ്റര്‍പ്ലാനില്‍ മേലുള്ള നിര്‍മാണ നിരോധനം തൊടുപുഴ നഗരസഭ പരിധിയില്‍ നിലനില്‍ക്കുകയാണ്.
തൊടുപുഴ പോലെ അതിവേഗം വികസനങ്ങള്‍ കൈവരിക്കുന്ന നഗരത്തിന് ഈ നിര്‍മാണ നിരോധനം വികസനകള്‍ക്ക് വിലങ്ങുതടിയായി നിലനില്‍ക്കുന്നു.
നിര്‍മാണനിരോധന ഉത്തരവ് നിലനില്‍ക്കെ തൊടുപുഴയിലെ വ്യാപാരികളും കെട്ടിട ഉടമകളും, ജനങ്ങളും തങ്ങളുടെ കെട്ടിടങ്ങള്‍ പൊളിച്ചു പണിയുന്നതിനോ, പുതിയത് നിര്‍മിക്കുന്നതിനോ കഴിയാതെ വലയുകയാണ്. അപ്രായോഗികമായ ഒട്ടനവധി നിര്‍ദേശങ്ങള്‍ ആയിരുന്നു പിന്‍വലിച്ച കരട് മാസ്റ്റര്‍ പ്ലാനില്‍ ഉണ്ടായിരുന്നത്.തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഉള്‍പ്പടെയുള്ളവരുടെ ശക്തമായ പ്രതിഷേധങ്ങള്‍ക്ക് ഒടുവില്‍ നഗരസഭയിലെ ജനങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് തയ്യാറാക്കിയ പുതിയ മാസ്റ്റര്‍ പ്ലാന്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിച്ചിരിക്കുകയാണ്.
ഇനിയും മാസ്റ്റര്‍ പ്ലാനിന്റെ പേരില്‍ നഗരസഭ പരിധി മുഴുവനായും നിര്‍മ്മാണനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത് ശരിയായ നടപടിയല്ല.
എത്രയും പെട്ടന്ന് നിര്‍മാണ നിരോധനം ഉത്തരവ് പിന്‍വലിക്കുന്നതിന് വേണ്ട നടപടികള്‍ അധികാരികള്‍ സ്വീകരിക്കണമെന്ന് തൊടുപുഴ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് അജീവ് പുരുഷോത്തമന്‍,ജനറല്‍ സെക്രട്ടറി സജി പോള്‍, ട്രഷറര്‍ കെ. എച്ച് കനി തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!