ChuttuvattomThodupuzha

മാത്യു കുഴൽനാടനും പിജെ ജോസഫും വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: എൽഡിഎഫ്

തൊടുപുഴ: ജില്ലയിലെ ഭൂപ്രശ്‌നങ്ങളുടെ പേരിൽ എംഎൽമാരായ മാത്യു കുഴൽനാടനും പി ജെ ജോസഫും വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് എൽഡിഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ ആരോപിച്ചു. കുഴൽനാടൻ എംഎൽഎ അവകാശപ്പെടുന്നതുപോലെ ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന മഞ്ജു ജിൻസും മെമ്പർ ലാലി ജോർജും ഹൈക്കോടതിയിൽ നൽകിയ ഹർജിയെ  തുടർന്നാണ് എൽഡിഎഫ് നിയമഭേദഗതിയെക്കുറിച്ച് ആലോചിച്ചതെന്ന കുഴൽനാടന്റെ അവകാശവാദം അങ്ങേയറ്റം പരിഹാസ്യവും വീണിടം വിദ്യയാക്കുന്നതുമാണ്. ബിജോ മാണി അടക്കമുള്ള നിരവധി കോൺഗ്രസുകാർ കോടതിയെ ഉപയോഗിച്ച് ജില്ലയിലെ ഭൂ പ്രശ്‌നങ്ങൾ സങ്കീർണമാക്കാൻ ശ്രമിച്ചിട്ടുണ്ട്.

2010 ലെ ഹൈക്കോടതി വിധിയിൽ ആണ് മൂന്നാർ മേഖലയിൽ റവന്യൂ എൻഒസി നിർബന്ധമാക്കിയത്. മൂന്നാർ മേഖലയിൽ ഏതെല്ലാം വില്ലേജുകൾ ഉൾപ്പെടുത്തണമെന്ന് ഹൈക്കോടതി സംസ്ഥാന ഗവൺമെന്റിനോട് അന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ കുഴൽനാടൻ പറയുന്നത് മൂന്നാർ ട്രിബ്യൂണലിന്റെ പരിധിയിലെ 8 വില്ലേജുകൾ ഉൾപ്പെടുത്തിയതിനു പിന്നിൽ നിഗൂഢലക്ഷ്യങ്ങൾ ഉണ്ടെന്നാണ്.ആ ലക്ഷ്യം എന്താണെന്ന് വെളിപ്പെടുത്തേണ്ടത് കുഴൽനാടനും അന്നത്തെ ഭരണ നേതാക്കളുമാണ്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് ദേവികുളം സബ് കളക്ടറായിരുന്ന എ കൗശികനാണ് ഈ എട്ടു വില്ലേജുകളും ഉൾപ്പെടുത്തണമെന്ന് റിപ്പോർട്ട് നൽകിയത്. ജനങ്ങളെ പരമാവധി ദ്രോഹിക്കുന്നതിന് വേണ്ടി ആണ് ഇങ്ങനെ ചെയ്തതെന്ന കാര്യം ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ഇതിന് പിന്നിൽ കോൺഗ്രസ്  ആണെന്ന കാര്യവും  കൂടുതൽ വ്യക്തമായിരിക്കുകയാണ്. ഈ റിപ്പോർട്ടിന് പിന്നിലെ നിഗൂഢ ലക്ഷ്യമെന്താണെന്ന് കുഴൽനാടനും പി ജെ ജോസഫും ഉൾപ്പെടെയുള്ള യുഡിഎഫ് നേതാക്കളും വ്യക്തമാക്കണം.

ഭൂപതിവ് നിയമഭേദഗതി നിയമസഭയിൽ അവതരിപ്പിച്ച വേളയിൽ സഭയിൽ പങ്കെടുക്കാതിരിക്കുകയും നിർമ്മാണ പ്രതിസന്ധി മറികടക്കുന്നതിനെ പറ്റി ക്രിയാത്മകമായ ഒരു നിർദ്ദേശവും സഭയിൽ സമർപ്പിക്കാതിരിക്കുകയും ചെയ്ത പി ജെ ജോസഫ് നിയമസഭയിൽ പുതിയ ഭേദഗതി കൊണ്ടുവരുമെന്ന് പറയുന്നത് വീണ്ടും നിയമക്കുരുക്കൾ സൃഷ്ടിക്കുന്നതിന് വേണ്ടിയാണോയെന്ന് സംശയിക്കേണ്ടതുണ്ട്. 2011 മുതൽ 2016 വരെ പിജെ ജോസഫ് യുഡിഎഫിന്റെയും അന്നത്തെ ഗവൺമെന്റിന്റെയും ഭാഗമായിരുന്നു. നിർമ്മാണ പ്രതിസന്ധിയടക്കം ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ അദ്ദേഹം എന്തു ചെയ്തുവെന്നത്  ഇപ്പോൾ ജില്ലയിലെ ജനങ്ങളോട് പറയണം.അധികാരം ഉള്ളപ്പോൾ ജനങ്ങളെ പൂർണ്ണമായും മറക്കുകയും ജനവിരുദ്ധ നിലപാടുകൾ സ്വീകരിക്കുകയും ചെയ്ത യുഡിഎഫിനെ ജനങ്ങൾ തന്നെ തിരിച്ചറിയണമെന്ന്  എൽഡിഎഫ്  ജില്ലാ കൺവീനർ കെ കെ  ശിവരാമൻ, സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ്, സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാൽ എന്നിവർ പറഞ്ഞു.

Related Articles

Back to top button
error: Content is protected !!