Thodupuzha

മദ്യപിക്കാന്‍ പണം നല്‍കിയില്ല; യുവാവിന്റെ ഫോണ്‍ തട്ടിയെടുത്തയാള്‍ പിടിയില്‍

തൊടുപുഴ: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ യുവാവിനെ മര്‍ദിച്ച് മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തയാള്‍ പിടിയില്‍.വെള്ളിയാമറ്റം ഇളംദേശം മേളക്കുന്നില്‍ സനലിനെയാണ് (ചോരക്കണ്ണന്‍ -27) തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നാലിന് രാത്രി 11ഓടെയാണ് സംഭവം. തൊടുപുഴയില്‍നിന്ന് കട്ടപ്പനക്കുള്ള ബസ് സര്‍വിസ് അവസാനിച്ചതോടെ കൂലിപ്പണിക്കാരനായ തൂക്കുപാലം സ്വദേശിയായ യുവാവ് സ്റ്റാന്‍ഡില്‍ കുടുങ്ങി. ഈ സമയം അടുത്തെത്തിയ അപരിചിതന്‍ ബാര്‍ അടക്കുന്നതിന് മുമ്ബ് മദ്യപിക്കാന്‍ പണം നല്‍കണമെന്ന് ആവശ്യപ്പെട്ടു.

യുവാവ് തന്റെ കൈയില്‍ പണം തരാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുപോകാന്‍ ശ്രമിച്ചപ്പോള്‍ അപരിചിതന്‍ യുവാവിന്റെ മുഖത്തും നെഞ്ചിലും പിടിച്ചുതള്ളുകയും പോക്കറ്റില്‍നിന്ന് മൊബൈല്‍ ഫോണ്‍ കൈക്കലാക്കുകയുമായിരുന്നു. പലരില്‍നിന്നും ഇത്തരത്തില്‍ ഫോണ്‍ എടുത്തിട്ടുണ്ടെന്ന് ഇയാള്‍ ഇതിനിടെ പറയുന്നുണ്ടായിരുന്നു. പിറ്റേന്ന് യുവാവ് തൊടുപുഴ സ്റ്റേഷനില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ തൊടുപുഴ ടൗണ്‍ഹാളിന് പിന്‍വശത്ത് സമാനമായ കുറ്റകൃത്യം നേരത്തേയും നടത്തിയിട്ടുള്ള ചോരക്കണ്ണന്‍ എന്ന സനല്‍ ആണെന്ന് വ്യക്തമായി. ഫോണ്‍ ഇയാള്‍ വിറ്റിരുന്നു. മൊബൈല്‍ കട കണ്ടെത്തി ഫോണ്‍ പരാതിക്കാരനെ കാണിച്ച് തിരിച്ചറിയിച്ചു. തുടര്‍ന്ന് പ്രതിയെ കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍വെച്ച് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു.

 

Related Articles

Back to top button
error: Content is protected !!