Thodupuzha

ആശങ്കയും ആകാംക്ഷയും, ഒടുവില്‍ ആശ്വാസത്തിന് വഴിമാറി മോക്ഡ്രില്‍

തൊടുപുഴ: ദുരന്തനിവാരണ പരിശീലനത്തിനായി തൊടുപുഴ താലൂക്കില്‍ സംഘടിപ്പിച്ച മോക്ക്ഡ്രില്ലിന്റെ ഭാഗമായാണ് കുടയത്തൂര്‍ പഞ്ചായത്തിലെ കാഞ്ഞാര്‍ ചപ്പാത്തില്‍ ഉരുള്‍പൊട്ടല്‍ പ്രതീകാത്മകമായി ആവിഷ്‌കരിക്കുകയും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്തത്. പരിപാടിയുടെ ഭാഗമായി രാവിലെ 9 മണിയോടെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. രാവിലെ 10 മണിക്ക് ‘ഉരുള്‍പൊട്ടല്‍’ സംഭവിച്ചു. ഉടന്‍തന്നെ കളക്ട്രേറ്റില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ദുരന്തനിവാരണ ഓഫീസില്‍ വിവരം എത്തി. അവിടുന്ന് വിവിധ വകുപ്പുകളിലേക്ക് വിവരം എത്തിച്ചു. അഗ്നിശമന സേനയും പോലീസും ആദ്യ ആംബുലന്‍സും സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. അഗ്നിരക്ഷാ സേനയുടെ രക്ഷാപ്രവര്‍ത്തനത്തിന് പുറമെ മണ്ണ് നീക്കിയുള്ള തിരച്ചിലിനായി ജെസിബിയും എത്തിച്ചു. സുശക്തമായ മെഡിക്കല്‍ സംഘവും സംഭവസ്ഥലത്ത് എത്തി. അടിയന്തര വൈദ്യസഹായം നല്‍കി.

മോക്ക്ഡ്രില്ലിന്റെ ഭാഗമായി കുടയത്തൂര്‍ ഗവ. ന്യൂ എല്‍.പി സ്‌കുളില്‍ ഒരു ‘ക്യാമ്പും’ തുറന്നു. അടിയന്തര സാഹചര്യത്തെ തുടര്‍ന്ന് ദുരന്ത ബാധിത പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു തുടര്‍ന്ന് അടിയന്തിര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന് മെഡിക്കല്‍ എയ്ഡ് പോസ്റ്റും തുറന്നിരിന്നു. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് വേണ്ടി കുടയത്തൂര്‍ പഞ്ചായത്ത് ഓഫീസില്‍ ഇന്‍സിഡന്റ് കമാന്‍ഡ് പോസ്റ്റും തുറന്നിരുന്നു.

എന്‍ ഡി ആര്‍ എഫ് ഒബ്സര്‍വര്‍ സിംഗര്‍ ഉദയന്‍ കെ, ഡെപ്യൂട്ടി കളക്ടര്‍ ജോളി ജോസഫ്, തൊടുപുഴ തഹസില്‍ദാര്‍ എം. അനില്‍കുമാര്‍, കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഉഷ വിജയന്‍, വൈസ് പ്രസിഡന്റ് അഞ്ചലീന സിജോ, കാഞ്ഞാര്‍ സബ്ഇന്‍സ്പെക്ടര്‍ ജിബിന്‍ തോമസ്, മൂലമറ്റം ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ കരുണാകരന്‍ പിള്ള, വില്ലേജ് ഓഫീസര്‍ എസ്. പത്മജ, പഞ്ചായത്ത് സെക്രട്ടറി പി. ജി. ഉണ്ണികൃഷ്ണന്‍, തൊടുപുഴ ബി.ഡി.ഒ വി.ജി ജയന്‍, ത്രിതല പഞ്ചായത്തംഗങ്ങളായ നസിയ ഫൈസല്‍, ഷീബ ചന്ദ്രശേഖരന്‍ പിള്ള, ബിന്ദു സുധാകരന്‍, അഡ്വ. കെ.എന്‍. ഷിയാസ്, ശ്രീജിത്ത് സി.എസ്, സുജ ചന്ദ്രശേഖരന്‍, ജോസഫ് ഇ.ജെ, ബിന്ദു സിബി, പുഷ്പ വിജയന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ മോക്ക്ഡ്രില്ലിന് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!