Moolammattam

പഞ്ചായത്ത് കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു

മൂലമറ്റം: ടൗണിലെ പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ സണ്‍ ഷേഡില്‍നിന്നു കോണ്‍ക്രീറ്റ് പാളി അടര്‍ന്നുവീണു.ശോച്യാവസ്ഥയിലായ കെട്ടിടത്തിന്‍റെ പല ഭാഗത്തുനിന്നും കോണ്‍ക്രീറ്റ്് പാളികള്‍ അടര്‍ന്നുവീഴുന്നത് പലപ്പോഴും അപകടത്തിനു കാരണമാകുന്നുണ്ട്.

വ്യാപാര സ്ഥാപനങ്ങള്‍, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസ്, മണ്ണുസംരക്ഷണ ഓഫീസ്, ഗവ. സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗ്, പട്ടികവര്‍ഗ ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് തുടങ്ങിയ സ്ഥാപനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളിലെത്തുന്നവര്‍ ഏറെ ഭയന്നാണ് ഇവിടെ ഇരിക്കുന്നത്.

ഇന്നലെ വൈകുന്നേരം സ്കൂള്‍ വിട്ട് കുട്ടികള്‍ വരുന്ന സമയത്താണ് അപകടം ഉണ്ടായത്. ഇടിഞ്ഞുവീണ കോണ്‍ക്രീറ്റ് ഗ്രൗണ്ട് ഫ്ളോറിലെ വ്യാപാരസ്ഥാപനങ്ങളിലേക്കാണ് വീണത്. ഇവിടെയുണ്ടായിരുന്നവര്‍ ഓടിമാറിയതിനാല്‍ അപകടം ഒഴിവായി.

മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ. സ്കൂള്‍ ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ വിദ്യാര്‍ഥികളും ജീവനക്കാരും പട്ടികവര്‍ഗ ട്രൈബല്‍ മെഡിക്കല്‍ യൂണിറ്റ് ജീവനക്കാരുമാണ് ഏറെ ഭീതിയിലായിരിക്കുന്നത്. കെട്ടിടത്തില്‍നിന്നു കോണ്‍ക്രീറ്റ് പാളികള്‍ പതിവായി അടര്‍ന്നുവീഴുന്നത് മൂന്നാം നിലയിലാണ്. കോണ്‍ക്രീറ്റ് കഷണങ്ങള്‍ റോഡിലേക്കും അടര്‍ന്നുവീഴുന്നുണ്ട്. ബസ് സ്റ്റാന്‍ഡിലെത്തുന്നവര്‍ പലപ്പോഴും അപകടങ്ങളില്‍നിന്നു രക്ഷപ്പെടുന്നത് തലനാരിഴയ്ക്കാണ്.

കെട്ടിടത്തിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് പഞ്ചായത്ത് എല്ലാ വര്‍ഷവും ലക്ഷക്കണക്കിനു രൂപയാണ് ചിലവഴിക്കുന്നത്. എന്നാല്‍, ഈ തുക ഫലപ്രദമായി ചെലവഴിക്കാത്തതാണ് കെട്ടിടത്തിന്‍റെ ശോച്യാവസ്ഥയ്ക്കു കാരണമെന്നാണ് ആക്ഷേപം.

Related Articles

Back to top button
error: Content is protected !!