ChuttuvattomIdukkiThodupuzha

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്ക് സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ കൂടുതല്‍ പദ്ധതികള്‍

തൊടുപുഴ: ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്ക് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും. വാഗമണ്ണില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച സാഹസിക റൈഡുകള്‍ ഉള്‍പ്പെടുന്ന അഡ്വഞ്ചര്‍ പാര്‍ക്കിനു സമാനമായി സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളാണ് മറ്റ് വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തുടങ്ങുന്നത്. പീരുമേട് താലൂക്കിലെ പാഞ്ചാലിമേട്ടില്‍ ആരംഭിക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇതിനു പുറമെ രാമക്കല്‍മേട്ടിലും ശ്രീനാരായണ പുരത്തും വിവിധ റൈഡുകളോടെയുള്ള  പദ്ധതി നടപ്പാക്കും. ഡി.ടി.പി.സി ഇതിനായി സ്വകാര്യ കമ്പനികളുമായി  കരാറില്‍ ഒപ്പുവച്ചു. ഇടുക്കി ഹില്‍വ്യു പാര്‍ക്കില്‍ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ ഡി.ടി.പി.സി കരാര്‍ ക്ഷണിച്ചെങ്കിലും തയാറായി ആരും മുന്നോട്ടു വന്നിരുന്നില്ല.

വാഗമണ്ണിലേക്ക് തുടക്കം മാത്രം

വാഗമണ്ണില്‍ മൂന്നു കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്‍ഡി ലിവര്‍ ചില്ലുപാലം ഉള്‍പ്പെടെ ആറു കോടിയുടെ പദ്ധതിയാണ് ഡി.ടി.പി.സി സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കിയത്. മൊട്ടക്കുന്നുകളും പൈന്‍മരക്കാടുകളും ഉള്‍പ്പെടെ മനോഹരമായ കാഴ്ചയുടെ വിരുന്നൊരുക്കുന്ന വാഗമണ്ണില്‍ അഡ്വഞ്ചര്‍ റൈഡുകള്‍ കൂടി വന്നതോടെ ഇവിടേയ്‌ക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുമെന്നാണ് ഡി.ടി.പി.സിയുടെ കണക്കുകൂട്ടല്‍. പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ സ്വീപ് ലൈന്‍, സ്‌കൈ സൈക്ലിങ്, ബോട്ടിങ് എന്നിവ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. സ്വീപ് ലൈന്‍, സ്‌കൈ സൈക്ലിങ് എന്നിവ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ഇവ ഈ മാസം തന്നെ സഞ്ചാരികള്‍ക്ക് തുറന്നു നല്‍കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഇതോടൊപ്പം ബോട്ടിങ് ആരംഭിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും ഡാമില്‍ വെള്ളം കുറവായതിനാല്‍ ഇതിനു താമസം നേരിടും. പെഡല്‍ബോട്ട്, കയാക്കിങ് പോലെയുള്ള ജലവിനോദങ്ങളാണ് ഇവിടെ സജ്ജമാക്കുന്നത്. ഡി.ടി.പി.സിയുടെ നിയന്ത്രണത്തിലുള്ള ശ്രീനാരായണപുരത്തും പദ്ധതിക്കായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വയനാട് കേന്ദ്രീകരിച്ചുള്ള സ്വകാര്യ കമ്പനിയുമായുള്ള സംയുക്ത സംരഭമാകും ഇവിടെ നടപ്പാക്കുക. പുഴയിലേക്ക് ഇറങ്ങിയുള്ള സാഹസിക റൈഡുകളാണ് ഇവിടെ സ്ഥാപിക്കുന്നത്. രാമക്കല്‍മേട്ടിലും അഡ്വഞ്ചര്‍ റൈഡുകള്‍ സ്ഥാപിക്കുന്നതിന് ഡി.ടി.പി.സി ടെണ്ടര്‍ ക്ഷണിച്ചിരുന്നു. ഇവിടെയും പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ സംരഭകര്‍ മുന്നോട്ടു വന്നിട്ടുണ്ട്.

മലങ്കരയില്‍ ബോട്ടിങിനും പദ്ധതി

തൊടുപുഴ മലങ്കര ജലാശയത്തിലും ബോട്ടിങ് ഉള്‍പ്പെടെ ആരംഭിക്കാന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ലക്ഷ്യമിടുന്നുണ്ട്. ഇവിടെ ബോട്ടിങ് ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര ഉപാധികള്‍ സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. ഇതിനായി പദ്ധതികള്‍ ആവിഷ്‌കരിച്ചെങ്കിലും സാങ്കേതിക തടസം മൂലം നടപടികള്‍ അനന്തമായി നീളുകയായിരുന്നു. ഇവിടെ സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കാന്‍ തടസമുള്ളതിനാല്‍ ഡി.ടി.പി.സി നേരിട്ടു തന്നെ ബോട്ടിങും മറ്റും നടത്താനാണ് ഉദ്ദേശിക്കുന്നത്. മലങ്കരയില്‍ ബോട്ടിങും സംഗീത വിരുന്നും ഒരുക്കാനാവശ്യമായ റിപ്പോര്‍ട്ട് തയാറാക്കി നല്‍കാന്‍ ജില്ലാ കലക്ടര്‍ എം.വി.ഐ.പി അധികൃതരോട് നിര്‍ദേശിച്ചിരുന്നു.

ഓക്ടോബറില്‍ സന്ദര്‍ശക തിരക്കേറാന്‍ സാധ്യത

ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളില്‍ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതു വഴി സ്വദേശികളും  വിദേശികളുമായ ഒട്ടേറെ വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ജിതേഷ് ജോസ് പറഞ്ഞു. കഴിഞ്ഞ ദിവസം വാഗമണ്ണിലെ അഡ്വഞ്ചര്‍ പാര്‍ക്കില്‍ തുറന്ന ചില്ലുപാലം സന്ദര്‍ശിക്കാന്‍ വിവിധ മേഖലകളില്‍ നിന്നും സന്ദര്‍ശകരെത്തി. പ്രതികൂല കാലാവസ്ഥ മൂലം വലിയ സന്ദര്‍ശക പ്രവാഹമുണ്ടായില്ല. എന്നാല്‍ നവരാത്രി ആഘോഷിക്കുന്ന ഒക്ടോബറോടെ സംസ്ഥാനത്തിനു പുറത്തുള്ള  സന്ദര്‍ശകര്‍ ഉള്‍പ്പെടെ ഒട്ടേറെ പേര്‍ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button
error: Content is protected !!