IdukkiLocal Live

എംപിയുടെ തുടക്കം അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞത് : എല്‍ഡിഎഫ്

ഇടുക്കി : വീണ്ടും പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവും നിറഞ്ഞുനില്‍ക്കുന്നതാണ് ഡീന്‍ കുര്യാക്കോസിന്റെ ആദ്യ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നതെന്ന് എല്‍ഡിഎഫ് ഇടുക്കി നിയോജകമണ്ഡലം ആരോപിച്ചു. എം.പിയുടെ ഉത്തരവാദിത്വം എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ക്കെതിരായി ഭളള് പറയുക എന്നത് മാത്രമാണെന്ന മിഥ്യാധാരണയിലാണ് കഴിഞ്ഞ 5 വര്‍ഷവും എംപി പ്രവര്‍ത്തിച്ചത്. രണ്ടാം വട്ടവും ജയിച്ചതോടെ അഹങ്കാരം തലക്കുപിടിച്ച് സര്‍ക്കാരിനെ പുലഭ്യം പറയാനാണ് എംപിയുടെ തിടുക്കം. സംസ്ഥാനത്ത് ഏഴുപാലങ്ങള്‍ അനുവദിക്കപ്പെട്ടപ്പോള്‍ അതിലൊന്ന് ഇടുക്കി തടിയമ്പാടും ലഭിച്ചു.

സംസ്ഥാന വിഹിതമായ 167 കോടിരൂപ സര്‍ക്കാര്‍ അനുവദിക്കുകയും തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം മാറിയ ഉടന്‍ തന്നെ ഭരണാനുമതി നല്‍കുകയും ചെയ്ത സര്‍ക്കാരിനെ അഭിനന്ദിക്കുന്നതിന് പകരം രാഷ്ട്രീയ മാര്യാദപോലും കാണിക്കാതെ കെഎസ്‌യു നിലവാരത്തിലേക്ക് അധപതിക്കുകയാണ് എംപി ചെയ്തത്. ഇടുക്കിയില്‍ നിന്നൊരു പാലം ഉള്‍പ്പെടുത്തുന്നതില്‍ ജില്ലയുടെ ചാര്‍ജുളള മന്ത്രി റോഷി അഗസ്റ്റിന് നിര്‍ണായക പങ്കുണ്ട്. പാലത്തോടനുബന്ധിച്ചുളള അപ്രോച്ച് റോഡിനും മറ്റുമുളള ഫണ്ടുകള്‍ സംസ്ഥാന സര്‍ക്കാരാണ് ചിലവഴിക്കുന്നതെന്നും ഇടുക്കിയില്‍ ചേര്‍ന്ന എല്‍ഡിഎഫ് യോഗം വ്യക്തമാക്കി. യോഗത്തില്‍ കണ്‍വീനര്‍ അനില്‍ കൂവപ്ലാക്കല്‍ അധ്യക്ഷത വഹിച്ചു. എല്‍ഡിഎഫ് നേതാക്കളായ റോമിയോ സെബാസ്റ്റ്യന്‍,എം.കെ പ്രിയന്‍, ഷാജി കാഞ്ഞമല, പി.സി തോമസ്,സി.എം അസീസ്, സിനോജ് വളളാടി,സണ്ണി ഇല്ലിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!