Thodupuzha

മിസ്റ്റർ കേരള പൊലീസ് 2021: ഇടുക്കി പൊലീസിന്റെ അഭിമാനമായി ജെസ്റ്റിൻ ജോസ്

 

തൊടുപുഴ : തിരുവനന്തപുരത്തുവച്ച് നടന്ന മിസ്റ്റർ കേരളാ പൊലീസ് 2021 ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ സ്വർണമെഡൽ നേടി ഇടുക്കി പൊലീസിന് അഭിമാനമായി ജെസ്റ്റിൻ ജോസ്. പ്ലസ് 90 കിലോ വിഭാഗത്തിലാണ് ഇടുക്കി എ ആർ ക്യാമ്പ് അംഗമായ ജെസ്റ്റിൻ ചാമ്പ്യനായത്. ഇതോടെ ഫെബ്രുവരിയിൽ നടക്കുന്ന ദേശീയ പൊലീസ് ബോഡി ബിൽഡിംഗ്‌ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന പോലീസിനെ പ്രതിനിധീകരിക്കാൻ യോഗ്യത നേടിയിരിക്കുകയാണ് ഈ ഇരുപത്തിയൊമ്പതുകാരൻ. തിരുവനന്തപുരം കിഴക്കേക്കോട്ടയിലെ ഗാന്ധി പാർക്കിൽ നടന്ന പോലീസുകാരുടെ പുരുഷ ശരീര സൗന്ദര്യ മത്സരത്തിൽ വിവിധ വിഭാഗങ്ങളിലായി 32 പേരാണ് പങ്കെടുത്തത്. അവരിൽ ഏറ്റവും മികച്ച മൂന്നുപേരിൽ ഒരാളാകാൻ സാധിച്ചു എന്നതിൽ സന്തോഷിച്ചിരിക്കുകയാണ് ഈ കരിമണ്ണൂർ സ്വദേശി.

കഴിഞ്ഞ പത്തു വർഷത്തോളമായുള്ള കഠിന പ്രയത്നവും ബോഡി ബിൽഡിംഗ്‌, ഫിറ്റ്നസ് എന്നിവയോടുള്ള ആവേശവുംകൊണ്ടാണ് തനിക്ക് ഈ നേട്ടം കൈവരിക്കാനായതെന്ന് ജെസ്റ്റിൻ പറഞ്ഞു. ചിത്രകാരൻകൂടിയായ ജെസ്റ്റിന്റെ ചിത്രങ്ങൾ തിരുവനന്തപുരം കമ്മീഷണർ ഓഫീസ്, കുട്ടിക്കാനം ക്യാമ്പ് ഓഫീസ്, കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലൊക്കെ പ്രദർശിപ്പിച്ചിട്ടുണ്ട്. ദൂർദർശൻ ചാനലിലെ ഡോക്യൂമെന്ററികൾക്ക് വേണ്ടിയും ചിത്രങ്ങൾ വരയ്ക്കുന്ന ഈ കാക്കിക്കുള്ളിലെ കലാകാരൻ ഇടുക്കി പോലീസിനെ പ്രതിനിധീകരിച്ച് ആദ്യമായിട്ടാണ് ശരീര സൗന്ദര്യമത്സരത്തിന് ഇറങ്ങുന്നത്. ഇതിനായി ഇടുക്കി പോലീസിലെ ഓഫീസർമാരുടെയും സഹപ്രവർത്തകരുടെയും പ്രോത്സാഹനവും ജെസ്റ്റിൻ അടിവരയിട്ടുപറഞ്ഞു. മങ്ങാട്ടുകവല ക്രോസ്സ്ഫിറ്റ് ജിമ്മിൽ പരിശീലനം നടത്തുന്ന ഈ യുവ ജിമ്മൻ ഇതിനുമുമ്പും നിരവധി വർഷങ്ങളിൽ മിസ്റ്റർ ഇടുക്കി, മിസ്റ്റർ കേരള മത്സരങ്ങളിൽ മെഡലുകൾ കരസ്ഥമാക്കിയിട്ടുണ്ട്.

 

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്താണ് വിജയികൾക്ക് സർട്ടിഫിക്കറ്റും ട്രോഫിയും സമ്മാനിച്ചത്. എഡിജിപി സഞ്ജീവ് കുമാർ, സെൻട്രൽ സ്പോർട്സ് ഓഫീസറും എഡിജിപിയുമായ മനോജ്‌ എബ്രഹാം, ഡിഐജി പി. പ്രകാശ്, സിനിമാ താരം ടോവിനോ തോമസ് എന്നിവരുടെ സാന്നിധ്യവും വിജയികൾക്ക് പ്രചോദനം നൽകി.

Related Articles

Back to top button
error: Content is protected !!