Thodupuzha

കൈക്കൂലി വാങ്ങുന്നതിനിടെ ഗൈനക്കോളജിസ്റ്റിനെ വിജിലൻസ് അറസ്റ്റ് ചെയ്തു

 

തൊടുപുഴ: കൈക്കൂലി വാങ്ങുന്നതിനിടെ ഗവൺമെൻ്റ് ഡോക്ടറെ വിജിലന്‍സ് പിടിയില്‍. തൊടുപുഴ കാരിക്കോട് പ്രവര്‍ത്തിക്കുന്ന ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ജൂനിയർ കൺസൾട്ടന്റ് പാലക്കുഴ അര്‍ച്ചന ഭവനില്‍ മായാ രാജ് ആണ് പിടിയിലായത്. ഗർഭപാത്രം നീക്കം ചെയ്ത വഴിത്തല ഇരുട്ടുതേട് സ്വദേശിയുടെ ഭാര്യയായ യുവതിക്ക് തുടർ ചികിത്സ നൽകുന്നതിന് 5000രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തിങ്കളാഴ്‍ചയാണ് ഗര്‍ഭപാത്രം നീക്കിയത്.
ഡോക്ടറിന്റെ പാലക്കുഴയിലുള്ള വീട്ടിലെത്തിയാണ് ഇവർ ആദ്യം ചികിത്സ തേടിയത്. അന്ന് ശസ്ത്രക്രിയയ്‍ക്കുള്ള ഫീസെന്ന പേരിൽ 500രൂപ ഇവരിൽ നിന്ന് വാങ്ങി. തുടർന്ന് 19-ന് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി ഗർഭപാത്രം നീക്കംചെയ്തു. തുടർ ചികിത്സ നൽകണമെങ്കിൽ 5000രൂപ നൽകണമെന്ന് ഡോക്ടർ ആവശ്യപ്പെട്ടു. ഇതോടെയാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. ഇന്ന് വൈകിട്ട്  വിജിലൻസ് നൽകിയ 3500 രൂപ പരാതിക്കാരൻ ഡോക്ടറുടെ വീട്ടിൽ എത്തിച്ചു. ഈ പണം വാങ്ങുന്നതിനിടെയാണ് പിടിയിലാകുന്നത്. പ്രതിയെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി. ഇന്ന് പകല്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. വിജിലൻസ് ഡിവൈ.എസ്‍.പി ഷാജു ജോസ്, സി.ഐമാരായ ടിപ്‍സണ്‍ തോമസ്, മഹേഷ് പിള്ള, കെ.ആര്‍. കിരണ്‍, ഉദ്യോഗസ്ഥരായ കെ.ജി. സഞ്ജയ്, സ്റ്റാന്‍ലി തോമസ്, ഷാജികുമാര്‍, സനല്‍ ചക്രപാണി, കെ.എന്‍. സന്തോഷ്, കൃഷ്‍ണകുമാര്‍, രഞ്ജിനി, ജാന്‍സി, സുരേഷ്‍കുമാര്‍, സന്ദീപ് ദത്തന്‍, ബേസില്‍.പി.ഐസക്, മൈദീന്‍, നൗഷാദ്, അജയചന്ദ്രന്‍, അരുണ്‍ രാമകൃഷ്‍ണന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

Related Articles

Back to top button
error: Content is protected !!