Thodupuzha

മുല്ലപ്പെരിയാര്‍ തര്‍ക്കം: ടണല്‍ നിര്‍മിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്ന് സി.പി റോയ്

 

തൊടുപുഴ: നിലവിലെ അവസ്ഥയില്‍ മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുക പ്രായോഗികമല്ലെന്നും തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകാന്‍ പുതിയൊരു ടണല്‍ നിര്‍മിച്ചാല്‍ പ്രശ്നം പരിഹരിക്കാമെന്നും മുല്ലപ്പെരിയാര്‍ മുന്‍ സമരസമിതി ചെയര്‍മാന്‍ സി.പി റോയ്. ആവശ്യമെങ്കില്‍ ടണല്‍ നിര്‍മിക്കാമെന്ന് 2014-ലെ സുപ്രീം കോടതിയുടെ അന്തിമ വിധിയില്‍ പറയുന്നുണ്ട്. എന്നാല്‍ ഇരു സര്‍ക്കാരുകളും ഇക്കാര്യം മുഖവിലയ്ക്കെടുത്തിട്ടില്ല. ടണല്‍ നിര്‍മിച്ചു വെള്ളം കൂടുതല്‍ കൊണ്ടുപോയാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാന്‍ സാധിക്കും. അത് 50 ശതമാനം വരെയാക്കാം. ഡീകമ്മിഷനിങ് എന്നത് കേരളത്തിന്റെ ആവശ്യങ്ങളിലൊന്നാണ്. ഈ ടണല്‍ അതിന് സഹായകരമാകും.
മുല്ലപ്പെരിയാര്‍ ഡാം ബലപ്പെടുത്തിയപ്പോള്‍ 152 അടിയില്‍ നിന്ന് 136 ആയി ജലനിരപ്പ് താഴ്ത്തിയിരുന്നു. അന്ന് നിര്‍മാണം നടത്തിയവര്‍ 136 അടി സംഭരിക്കുന്നതിനുള്ള ബലപ്പെടുത്തല്‍ മാത്രമാണ് നടത്തിയിരുന്നത്. എന്നാല്‍ ഇക്കാര്യം കോടതികളെ ധരിപ്പിക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. മുല്ലപ്പെരിയാറിന് സമീപത്തായി രണ്ടാമതൊരു അണക്കെട്ട് നിര്‍മിക്കുക പ്രായോഗികമല്ല. ലോകത്ത് ഒരിടത്തും പഴയതില്‍ നിന്നും മാറ്റി പുതിയ ഒന്ന് നിര്‍മിച്ചിട്ടില്ല. മാത്രമല്ല, കര്‍ശന നിയമപോരാട്ടവുമായി മുന്നോട്ടു പോകുന്ന തമിഴ്നാട് പുതിയ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുകാലത്തും അനുവദിക്കുകയുമില്ല. ഈ സാഹചര്യത്തില്‍ ടണല്‍ പോലെയുള്ള പുതിയ വഴികളെ പറ്റി സര്‍ക്കാര്‍ ആലോചിക്കണമെന്നും സി.പി റോയ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!