Local LiveMuttom

കുടിവെള്ളമില്ലാതെ മുട്ടം ഗവ.പോളിടെക്‌നിക് കോളേജ്

മുട്ടം : ഗവ.പോളിടെക്‌നിക് കോളേജില്‍ കുടിവെള്ളം ലഭിക്കാതെ ആഴ്ച്ചകള്‍ പിന്നിട്ടിട്ടും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. അഞ്ച് ട്രേഡുകളിലായി പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 900 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്ഥാപനത്തിലാണ് കുടിക്കാന്‍ പോലും വെള്ളമില്ലാതെ വിദ്യാര്‍ത്ഥികള്‍ ദുരിതത്തിലായിരിക്കുന്നത്. വനിതകള്‍ ഉള്‍പ്പടെ 120 ജീവനക്കാരും ഇവിടെ ജോലി ചെയ്യുന്നുണ്ട്. കടുത്ത വേനല്‍ച്ചൂടില്‍ പോലും ഒരു തുള്ളി വെള്ളം പോലും ലഭ്യമാകാതെ കോളേജിലെ വിദ്യാര്‍ത്ഥികളും ജീവനക്കാരും പരക്കം പായുന്ന അവസ്ഥയാണുള്ളത്. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനുള്ള വെള്ളം ലഭിക്കാത്തതിനെത്തുടര്‍ന്ന് പെണ്‍കുട്ടികളും വനിതാ ജീവനക്കാരും ഏറെ ദുരിതമാണ് അനുഭവിക്കുന്നതും.

കോളേജിന്റെ ആവശ്യത്തിനായി മുട്ടം പഞ്ചായത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയുടെ കിണര്‍ വറ്റിയതാണ് പ്രശ്‌നത്തിനു കാരണം. എന്നാല്‍ വേനല്‍ രൂക്ഷമാകുന്ന അവസ്ഥയില്‍ കോളേജില്‍ ആവശ്യമായ വെള്ളം ലഭ്യമാക്കാന്‍ അധികൃതര്‍ മുന്‍കൂട്ടി നടപടികള്‍ സ്വീകരിച്ചില്ലെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. വെള്ളം ലഭ്യമല്ലാത്തതിനെത്തുടര്‍ന്ന് ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അടച്ചിട്ടിരിക്കുകയാണ്. പോളിടെക്‌നിക് കോളേജ് 15 ലക്ഷം രൂപ വാട്ടര്‍ അതോറിറ്റിയില്‍ അടച്ച് 2015ല്‍ കമ്മീഷന്‍ ചെയ്ത കുടി വെള്ള പദ്ധതി ഇതുവരെ പ്രവര്‍ത്തന സജ്ജമാക്കിയിട്ടില്ല. പദ്ധതി പ്രവര്‍ത്തന സജ്ജമാക്കുന്നതിന് കളക്ടര്‍ ഉള്‍പ്പടെയുള്ള അധികൃതര്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!