Thodupuzha

ജനകീയ പ്രതിരോധ ജാഥ:  പട്ടയ പ്രശ്‌നങ്ങള്‍ക്കും പരിഹാരം

 

തൊടുപുഴ: ജനകീയ പ്രതിരോധ ജാഥ സമാപിക്കുന്നതോടൊപ്പം ജില്ലയിലെ പട്ടയ പ്രശ്‌നങ്ങള്‍ക്കും ശ്വാശ്വത പരിഹാരം ഉണ്ടാകുമെന്ന് ജാഥാ ക്യാപ്ടനും സി.പി.എം സംസ്ഥാന സെക്രട്ടറിയുമായ എം.വി ഗോവിന്ദന്‍. ഇടുക്കി ജില്ലയിലെ ജാഥയ്ക്ക് തൊടുപുഴയില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 36 ലക്ഷം കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കിയ പ്രസ്ഥാനമാണ് സി.പി.എം. 3.42 ലക്ഷം ആളുകള്‍ക്ക് നിലവില്‍ ഭൂമിയില്ല. ഇടതുപക്ഷ സര്‍ക്കാര്‍ ഇവര്‍ക്കായി പതിനായിരം ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. പാവപ്പെട്ടവര്‍ക്കായി മൂന്ന് സെന്റ് ഭൂമി നല്‍കുന്നതോടെ കേരളത്തില്‍ ഭൂരഹിതരായി ആരും കാണില്ലെന്നും എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. ഇടുക്കി ജില്ലയില്‍ പ്രവേശിപ്പിച്ച ജാഥയെ സ്വീകരിക്കാന്‍ തിളച്ചുമറിഞ്ഞ വെയിലിലും ആവേശം ചോരാതെ ഇരമ്പിയാര്‍ത്ത് ആയിരങ്ങളാണ്. ബുധനാഴ്ച എറണാകുളം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ഇന്നലെ രാവിലെ കോതമംഗലത്ത് പത്ര സമ്മേളനത്തിനും ശേഷമാണ് ജാഥ ഇടുക്കി ജില്ലാ അതിര്‍ത്തിയായ പെരുമാങ്കണ്ടത്ത് എത്തിയത്. നിശ്ചയ സമയത്തിനും രണ്ടര മണിക്കൂര്‍ വൈകിയാണ് ജാഥ തൊടുപുഴയിലെത്തിയത്. മുതിര്‍ന്ന നേതാവ് എം.എം മണി എം.എല്‍.എ, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ.കെ ജയചന്ദ്രന്‍, സംസ്ഥാന കമിറ്റിയംഗം കെ. പി മേരി, ജില്ലാ സെക്രട്ടറി സി.വി വര്‍ഗീസ്, ജില്ലാ സെക്രട്ടറിയറ്റംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് എം.വി ഗോവിന്ദനെ സ്വീകരിച്ചു. എം.വി ഗോവിന്ദനും ജാഥാ സ്ഥിരം അംഗങ്ങളുമായ കെ.ടി ജലീല്‍, എം. സ്വരാജ്, സി.എസ് സുജാത, ജെയ്ക് സി. തോമസ്, പി.കെ ബിജു എന്നിവര്‍ക്ക് ഏലയ്ക്കാ തൊപ്പി നല്‍കിയാണ് സ്വീകരണം നല്‍കിയത്. തൊടുപുഴ സീമാസ് ജങ്ഷനില്‍നിന് തുറന്ന ജീപ്പിലാണ് സ്വീകരണ സമ്മേളന വേദിയിലേക്ക് എം.വി ഗോവിന്ദനെ ആനയിച്ചത്. സ്ത്രീകളും കുട്ടികളും മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുമടക്കം സ്വീകരിക്കാന്‍ ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. ജാഥാ വഴിയില്‍ ജനങ്ങളെ സാക്ഷിയാക്കി നാടന്‍ കലാരൂപങ്ങളും വാദ്യമേളങ്ങളും ചുവപ്പ് സേന അംഗങ്ങളും ഇരുചക്ര വാഹന റാലിയും മാറ്റുകൂട്ടി. മുത്തുക്കുടകളുമായി വനിതകള്‍ പാതയോരങ്ങളില്‍ കാത്തുനിന്നിരുന്നു. നേതാക്കളായ വി.വി മത്തായി, കെ.എല്‍ ജോസഫ്, പി.കെ മോഹനന്‍, ടി.ആര്‍ സോമന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!