ChuttuvattomThodupuzha

ഭാര്യ കൊലപ്പെടുത്തി എന്നു പറഞ്ഞ നൗഷാദ് ഒന്നര വർഷം തങ്ങിയതിവിടെ

തൊമ്മന്‍കുത്ത്: തൊടുപുഴ – തൊമ്മന്‍കുത്ത് റോഡില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ഉള്ളിലേക്ക് കയറി നാലുവശവും നിബിഡ വനത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണ് കുഴിമറ്റം. 300 ഏക്കറോളം പണ്ടാരപ്പാട്ടം ലഭിച്ച കൃഷിഭൂമിയാണിവിടെയുള്ളത്. അക്കാലഘട്ടത്തില്‍ വാഴക്കുളം കൊമേന്ത അച്ചന്മാരാണ് ഈ ഭൂമി രാജാക്കന്‍മാരില്‍ നിന്നും പതിപ്പിച്ചെടുത്തത്. പതിറ്റാണ്ടുകളോളം കൃഷിയിറക്കിയ ഭൂമി പിന്നീട് അച്ചന്റെ തലമുറ കൈമാറി മറ്റ് പലര്‍ക്കുമായി പോയി. ഏതാനും വര്‍ഷം മുമ്പ് വരെ ഇവിടെ 50ലേറെ കുടുംബങ്ങള്‍ താമസിച്ചിരുന്നു. ഇപ്പോള്‍ 11 കുടുംബങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇടുക്കി വനത്തോടാണ് അതിര്‍ത്തി പങ്കിടുന്നത്. സമീപ നാളുകളായി ആനയിറങ്ങുകയും വാഴ ഉള്‍പ്പെടെയുള്ള കൃഷി നശിപ്പിക്കുകയും ചെയ്യാറുണ്ട്. കാട്ടുപന്നിയുടെ സാന്നിധ്യവുമുണ്ട്. പണ്ട് നെല്ലും കൃഷിചെയ്തിരുന്നുവെങ്കിലും ഇപ്പോള്‍ റബ്ബറാണ് മുഖ്യ കൃഷി. നിലവില്‍ കരിമണ്ണൂര്‍ പഞ്ചായത്തില്‍ വനംവകുപ്പിന്റെ തൊടുപുഴ റേഞ്ചില്‍ ഉള്‍പ്പെട്ട സ്ഥലമാണിതെന്ന് പരിസരവാസി മേക്കാട്ടില്‍ ജോയി പറഞ്ഞു. അടുത്തകാലത്താണ് സന്തോഷ് ഇവിടെവന്ന് താമസിക്കാന്‍ തുടങ്ങിയത്. അഞ്ചേക്കറിലേറെ പുരയിടമാണ് സന്തോഷ് വാങ്ങിയത്. പഴകി ജീര്‍ണിച്ചൊരു വീടുണ്ട്. ഈ വീട്ടിലാണ് നൗഷാദ് ഇത്രയും കാലം താമസിച്ചത്. ആര്‍ക്കും പെട്ടെന്ന് എത്തിപ്പെടാന്‍ ബുദ്ധിമുട്ടുള്ള പ്രദേശമാണിവിടം. തൊമ്മന്‍കുത്തില്‍നിന്നും മണ്ണൂക്കാടിനുള്ള പാതയിലൂടെ 1.5 കിലോമീറ്റര്‍ സഞ്ചരിച്ച് വേണം കുഴിമറ്റത്തേക്ക് തിരിയുന്ന മണ്‍പാതയിലെത്താന്‍. ഇവിടെനിന്നും വീണ്ടും ദുര്‍ഘട പാതയിലൂടെ സഞ്ചരിച്ചാലേ നൗഷാദിനെ കണ്ടെത്തിയ വീട്ടിലേക്കെത്തൂ. മണ്‍പാത അവസാനിച്ച് വീട്ടിലേക്ക് റബര്‍ തോട്ടത്തിലൂടെ ഏറെ നടക്കണം. തോട്ടപ്പുഴുക്കള്‍ നിറയെ ഉള്ള വഴിയാണിത്. ആള്‍ത്താമസം കുറഞ്ഞ് ഒറ്റപ്പെട്ട ഈ പ്രദേശത്ത് മൊബൈല്‍ ഫോണിന് റേഞ്ചില്ല. കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വൈദ്യുതിയും ലഭ്യമായത്. പോലീസ് ഉദ്യോഗസ്ഥന്‍ ജയ്‌മോന്‍ വീട്ടിലെത്തിയപ്പോള്‍ പതിവുപോലെ ഭക്ഷണവും കഴിച്ച് നൗഷാദ് കൃഷിയിടത്തില്‍ പണിക്ക് പോയിരുന്നു. നൗഷാദിനെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളൊന്നും സന്തോഷിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല. വിവരങ്ങള്‍ അറിഞ്ഞതോടെ സന്തോഷ് ജയ്‌മോനെ നൗഷാദിന്റെ അടുത്തെത്തിക്കുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!