IdukkiLocal Live

നീലക്കുറിഞ്ഞി ജൈവവൈവിധ്യ പഠനോത്സവം : ബ്ലോക്ക്തല ക്വിസ് മത്സരം മെയ് 7ന്

ഇടുക്കി :   ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ജൈവവൈവിധ്യ പഠനോത്സവ ക്വിസിന്റെ ബ്ലോക്ക്, കോര്‍പ്പറേഷന്‍തല മത്സരം മെയ് 7 ചൊവ്വാഴ്ച 160 കേന്ദ്രങ്ങളിലായി നടക്കും. ഇടുക്കി ജില്ലയിലെ അടിമാലിയില്‍ യുഎന്‍ഡിപി പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹരിതകേരളം മിഷന്‍ സ്ഥാപിച്ച നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാന പഠനകേന്ദ്രത്തിന്റെ കമ്മ്യൂണിറ്റിതല പരിപാടികളുടെ ഭാഗമായാണ് ക്വിസ് മത്സരവും പഠനോത്സവവും സംഘടിപ്പിക്കുന്നത്. പരിസ്ഥിതി, ജൈവവൈവിധ്യം എന്നി വിഷയങ്ങളെ അധികരിച്ചാണ് ക്വിസ് മത്സരം. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത 9000 ത്തിലധികം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇവിടെ നിന്നും വിജയിക്കുന്നവരെ പങ്കെടുപ്പിച്ച് നടക്കുന്ന ജില്ലാതല ക്വിസ് മത്സരം മെയ് പത്തിന് ജില്ലാകേന്ദ്രങ്ങളില്‍ നടക്കും. ഇതില്‍ വിജയിക്കുന്ന 60 പേരെ പങ്കെടുപ്പിച്ചാണ് മേയ് മാസം 20 മുതല്‍ മൂന്നു ദിവസം അടിമാലിയിലും മൂന്നാറിലുമായി ജൈവവൈവിധ്യ പഠനോത്സവം സംഘടിപ്പിക്കുന്നത്.

ജൈവവൈവിധ്യത്തെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുമുള്ള അവബോധം കുട്ടികളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് പരിപാടി. അടിമാലിയിലെ നീലക്കുറിഞ്ഞി ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന പച്ചത്തുരുത്തുകളും അതിലെ ജൈവവൈവിധ്യവും പഠനോത്സവ ക്യാമ്പിന്റെ പ്രധാന ഘടകമായിരിക്കും. വിനോദവും വിജ്ഞാനവും കോര്‍ത്തിണക്കി ശില്പശാലകള്‍, കുട്ടികളുടെ പഠനങ്ങള്‍, ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍, പാട്ടുകള്‍, കളികള്‍, നൈപുണ്യ വികസനം എന്നിവ ഉള്‍പ്പെടുത്തിയാണ് പഠന ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് നവകേരളം കര്‍മപദ്ധതി കോര്‍ഡിനേറ്ററും ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണുമായ ഡോ. ടി.എന്‍. സീമ അറിയിച്ചു.

 

Related Articles

Back to top button
error: Content is protected !!