Thodupuzha

ഇനി പ്രകാശം പരക്കും: തൊടുപുഴയില്‍ 220 കെ.വി സബ്സ്റ്റേഷന്‍ വരും

തൊടുപുഴ: ജില്ലയിലാദ്യമായി തൊടുപുഴ നിയോജകമണ്ഡലത്തില്‍ 220 കെ.വി സബ്‌സ്റ്റേഷന്‍ വരുന്നു. തൊടുപുഴ നഗരത്തിലും പരിസര പഞ്ചായത്തുകളിലും തടസമില്ലാതെ വൈദ്യുതി എത്തിക്കുക, വോള്‍ട്ടേജ് ക്ഷോമം പരിഹരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 81 കോടി ചെലവിലാണ് പുതിയ സബ്‌സ്റ്റേഷന്‍ സ്ഥാപിക്കുന്നത്.പദ്ധതിയുടെ സാങ്കേതിക സാദ്ധ്യതാ റിപ്പോര്‍ട്ട് തയ്യാറായി വരുന്നു. ജില്ലയില്‍ പള്ളിവാസലിലാണ് നിലവില്‍ 220 കെ.വി സബ്‌സ്റ്റേഷനുള്ളത്. ഇത് ഉത്പാദന കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി പുറത്തേക്ക് കൊണ്ടുപോകാനുള്ളതാണ്. എന്നാല്‍, തൊടുപുഴയിലെ നിര്‍ദിഷ്ട സബ്‌സ്റ്റേഷന്‍ വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി എത്തിക്കുന്നതിനാണ്. ഇത്തരത്തിലുള്ള ജില്ലയിലെ ആദ്യ 220 കെ.വി സബ്‌സ്റ്റേഷന്‍ കൂടിയാകുമിത്. കെ.എസ്.ഇ.ബിയുടെ ട്രാന്‍സ്മിഷന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മാണ വിഭാഗമായ കളമശ്ശേരി ട്രാന്‍സ്ഗ്രിഡാണ് പദ്ധതിയുടെ സാങ്കേതിക റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 220/ 110 കെ.വിയുടെ രണ്ട് 100 എം.വി.എ ട്രാന്‍സ്‌ഫോര്‍മറുകളും 110/ 33 കെ.വിയുടെ രണ്ട് 16 എം.വി.എ ട്രാന്‍സ്‌ഫോര്‍മറുകളും മൂന്ന് 33 കെ.വി സബ്‌സ്റ്റേഷനുകളും ഉള്‍പ്പെടെയാണ് പദ്ധതിക്കായി 81 കോടിയുടെ എസ്റ്റിമേറ്റ് തയാറാക്കിയിട്ടുള്ളത്. നിലവില്‍ മൂലമറ്റം- കൂത്താട്ടുകുളം ലൈനില്‍ നിന്നാണ് തൊടുപുഴ സബ്‌സ്റ്റേഷനിലേക്ക് വൈദ്യുതി കൊണ്ടുവരുന്നത്. ഈ ലൈനിലെ ചെറിയ തകരാറുകള്‍ പോലും തൊടുപുഴയിലെ വൈദ്യുതി വിതരണത്തെ ബാധിക്കുന്ന അവസ്ഥയാണ്.

 

ഗുണങ്ങള്‍ ഇവ

 

 66 കെ.വിയില്‍ നിന്ന് 220 കെ.വിയാകുമ്ബോള്‍ പ്രസരണ നഷ്ടം കുറയും

 

 220 കെ.വി ലൈനുകളില്‍ വൈദ്യുതി തടസം കുറവ്

 

 വോള്‍ട്ടേജ് ക്ഷാമത്തിനും പരിഹാരമാകും

 

കലൂര്‍ക്കാട്, വണ്ണപ്പുറം, മുട്ടം സബ്‌സ്റ്റേഷനുകള്‍ക്ക് ഗുണം ചെയ്യും

മൂന്നിടത്ത് 33 കെ.വി സബ്‌സ്റ്റേഷന്‍

നിര്‍ദിഷ്ട 220 കെ.വി സബ്‌സ്റ്റേഷന്റെ ഭാഗമായി തൊടുപുഴ നിയോജക മണ്ഡലത്തിലെ കോലാനി, മുതലക്കോടം, വെങ്ങല്ലൂര്‍ എന്നിവിടങ്ങളില്‍ പവര്‍ ഇവാക്വേഷന് വേണ്ടി 33 കെ.വി സബ്‌സ്റ്റേഷനുകള്‍ നിര്‍മിക്കും. ഭൂഗര്‍ഭ കേബിളുകള്‍ വഴിയാകും ഇവിടേക്ക് വൈദ്യുതി എത്തിക്കുക. നിലവിലെ 66 കെ.വി സബ്‌സ്റ്റേഷന്‍ നിലനിര്‍ത്തി പുതിയ 33 കെ.വി സബ്‌സ്റ്റേഷനുകളെ പരസ്പരം ഉപയോഗപ്പെടുത്തുക എന്ന രീതിയിലാണ് പദ്ധതി വിഭാനം ചെയ്തിട്ടുള്ളത്.

സബ്സ്റ്റേഷന്‍ വരിക അഞ്ചിരിയില്‍

അഞ്ചിരി പ്രദേശത്തെ നാലേക്കറോളം സ്ഥലമാണ് പുതിയ 220 കെ.വി സബ്‌സ്റ്റേഷന് വേണ്ടി പ്രാഥമികമായി കണ്ടെത്തിയിട്ടുള്ളത്. നിലവിലെ ഇടുക്കി-കോതമംഗലം ലൈനിന് കീഴിലുള്ള സ്ഥലമാണ് പരിഗണിക്കുന്നത്. ഭൂമി ഏറ്റെടുക്കുന്നതടക്കം നടപടികള്‍ പൂര്‍ത്തിയായാല്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും.

Related Articles

Back to top button
error: Content is protected !!