Thodupuzha

നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരം: ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കും

തൊടുപുഴ: നഗരസഭയ്ക്ക് പുതിയ ആസ്ഥാന മന്ദിരം വരുന്നതോടൊപ്പം ഷോപ്പിങ് കോംപ്ലക്‌സും നിര്‍മിക്കുന്നതൊടെ തൊടുപുഴയുടെ മുഖച്ഛായ മാറുമെന്ന് പ്രതീക്ഷ. കെ.എസ്.ആര്‍.ടി.സി താത്കാലിക സ്റ്റാന്‍ഡ് പ്രവര്‍ത്തിക്കുന്ന ലോറി സ്റ്റാന്‍ഡില്‍ നഗരസഭ ഓഫീസും ഷോപ്പിംഗ് കോംപ്ലക്സും നിര്‍മിക്കാന്‍ കഴിഞ്ഞ ദിവസം കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായിരുന്നു. നഗരസഭ ചെയര്‍മാന്‍ സനീഷ് ജോര്‍ജിന്റെ പ്രമേയം കൗണ്‍സില്‍ ഐകകണ്‌ഠേന പാസാക്കുകയായിരുന്നു. ഇപ്പോള്‍ ലോറി, വാന്‍ സ്റ്റാന്‍ഡില്‍ കെ.എസ്.ആര്‍.ടി.സിയുടെ താത്കാലിക ഡിപ്പോ പ്രവര്‍ത്തിക്കുകയാണ്. ഇത് പുതിയ ഡിപ്പോയിലേക്ക് മാറുന്നത് അനുസരിച്ച് നിര്‍മാണം തുടങ്ങും. അതിന് മുന്നോടിയായി ഡി.പി.ആര്‍ തയ്യാറാക്കും. കൂടുതല്‍ പാര്‍ക്കിങ് സൗകര്യവും കൗണ്‍സില്‍ ഹാളുകളും ഓഫീസുകളും എല്ലാമടങ്ങിയ വലിയ ഷോപ്പിങ് കോംപ്ലക്‌സാണ് ഇവിടെ നഗരസഭ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ലോറി സ്റ്റാന്‍ഡില്‍ നിന്ന് താത്കാലിക ഡിപ്പോ ഒഴിയാന്‍ പലതവണ നഗരസഭ കെ.എസ്.ആര്‍.ടി.സിക്ക് അന്ത്യശാസനം നല്‍കിയതാണ്. കഴിഞ്ഞ മാര്‍ച്ച് 31ന് മുമ്പ് ഒഴിയണമെന്നാണ് കെ.എസ്.ആര്‍.ടി.സിക്ക് അവസാനമായി നഗരസഭ കത്ത് നല്‍കിയത്. ഒരു രൂപ പോലും നഗരസഭയ്ക്ക് തറവാടക നല്‍കാതെയാണ് കെ.എസ്.ആര്‍.ടി.സി ഡിപ്പോ ഇവിടെ പ്രവര്‍ത്തിക്കുന്നത്. ആധുനിക രീതിയിലുള്ള ടെര്‍മിനല്‍ പണിയുന്നതിനായി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഡിപ്പോ ലോറി സ്റ്റാന്‍ഡിലേക്ക് താത്കാലികമായി മാറ്റി സ്ഥാപിച്ചത്. പുതിയ സ്റ്റാന്‍ഡിന്റെ പണി ഏകദേശം പൂര്‍ത്തിയായിട്ടും പ്രവര്‍ത്തനം ഇതുവരെ ആരംഭിക്കാനായിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ പുതിയ സ്റ്റാന്‍ഡിലേക്ക് മാറ്റുമെന്നാണ് നഗരസഭയ്ക്ക് ലഭിച്ച വിവരം. പുതിയ കെട്ടിടത്തിന്റെ ഡി.പി.ആര്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ലോറി സ്റ്റാന്‍ഡ് ഒഴിഞ്ഞുതരേണ്ടി വരുമെന്നും നഗരസഭ പുതിയ കെട്ടിടം പണിയുന്ന കാര്യം അടുത്ത ദിവസം ഗതാഗതമന്ത്രിയെ നേരിട്ട് കണ്ട് അറിയിക്കുമെന്നും ചെയര്‍മാന്‍ സനീഷ് ജോര്‍ജ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!