Thodupuzha

നിര്‍ധന കുടുംബത്തിന് പുതുവര്‍ഷ സമ്മാനമായി ഒരുക്കിയത് സ്‌നേഹവീട്

തൊടുപുഴ: സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളും ജെ.സി.ഐ തൊടുപുഴ ടൗണും കൈകോര്‍ത്തപ്പോള്‍ ഒരു നിര്‍ധന കുടുംബത്തിന് പുതുവത്സര സമ്മാനമായി നല്‍കാനായത് തലചായ്ക്കാന്‍ സ്വന്തമായ് ഒരിടം. പാരമ്പര്യ രോഗങ്ങളുടെ പിടിയില്‍പ്പെട്ട് ഇരുളിലേക്ക് നീങ്ങുന്ന ഒരു കുടുംബത്തിലേക്ക് ആണ് ഈ സ്‌നേഹവീടിന്റെ പ്രകാശം പരക്കുന്നത്. സെന്റ് സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളിലെ ഒരു വിദ്യാര്‍ഥിയുടെ കുടുംബമാണ് നിത്യ ചെലവിനും ചികിത്സകള്‍ക്കും ബുദ്ധിമുട്ടി വാടകവീട്ടില്‍ കഴിഞ്ഞിരുന്നത്. അഞ്ചംഗ കുടുംബത്തില്‍ ഒരു കുട്ടിക്കും അമ്മയ്ക്കും മാത്രമാണ് പൂര്‍ണമായി കാഴ്ചശക്തിയുള്ളത്. മുത്തശി പൂര്‍ണമായും അന്ധയാണ്. അച്ഛനും അനുജത്തിക്കും കാഴ്ച വൈകല്യമുണ്ട്. കുടുംബനാഥന്‍ രണ്ടിടങ്ങളിലായി ചെറിയ ജോലികള്‍ ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് കുടുംബത്തിന്റെ നിത്യ ചെലവിനും ചികിത്സകള്‍ക്കുമു ള്ള ഏകമാര്‍ഗം. കുട്ടിയുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ മനസിലാക്കിയ സ്‌കൂള്‍ അധികൃതര്‍ ഒരു വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചപ്പോള്‍ ജെ.സി.ഐ തൊടുപുഴ ടൗണ്‍ ചാപ്റ്റര്‍ പൂര്‍ണ സഹകരണവുമായി മുന്നോട്ടു വരികയായിരുന്നു. ഒരു അഭ്യുദയകാംക്ഷി സ്‌കൂളിന് സംഭാവനയായി നല്‍കിയ 7 സെന്റ് സ്ഥലത്ത്, ജെ.സി.ഐ തൊടുപുഴ ടൗണ്‍ ചാപ്റ്ററിന്റെ സാമ്പത്തിക സഹകരണത്തോടെ എട്ടര ലക്ഷം രൂപ ചെലവില്‍ 700 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മിച്ചിരിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന സ്‌നേഹവീട് വെഞ്ചിരിപ്പ് കര്‍മത്തില്‍ സ്‌കൂള്‍ മാനേജര്‍ ഡോ. സ്റ്റാന്‍ലി കുന്നേല്‍, കോതമംഗലം രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി സെക്രട്ടറി ഫാ.മാത്യു മുണ്ടക്കല്‍, ജെ.സി.ഐ സോണ്‍ 20 പ്രസിഡന്റ് അര്‍ജുന്‍ കെ.നായര്‍, വൈസ് പ്രസിഡന്റ് റിന്റോ ചാണ്ടി, ഇടവെട്ടി പഞ്ചായത്ത് പ്രസിഡന്റ് ഷീജ നൗഷാദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍ നീനു പ്രശാന്ത്,സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബിജോയ് മാത്യു, ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് മാത്യു എന്നിവര്‍ വിശിഷ്ടാതിഥികള്‍ ആയിരിക്കും. ജെ.സി.ഐ അംഗങ്ങളായ ജിന്‍സ് കുര്യന്‍, മെല്‍വിന്‍ അഗസ്റ്റിന്‍, സിന്‍സ് ജോസ്, അജിത് ജോസ്, ജിബിന്‍ മാത്യു എന്നിവര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!