ChuttuvattomThodupuzha

ന്യൂമാന്‍ കോളജ് – കാരിക്കോട് ബൈപാസ് റോഡില്‍ ഗതാഗത കുരുക്ക്

തൊടുപുഴ: ന്യൂമാന്‍ കോളജ് – കാരിക്കോട് ബൈപാസ് റോഡില്‍ ഇരുവശത്തും വാഹനങ്ങള്‍ ഒരേ സമയം പാര്‍ക്ക് ചെയ്യുന്നത് യാത്രക്കാര്‍ക്ക് അപകട ഭീഷണിയും ഗതാഗത തടസത്തിനും ഇടയാക്കുന്നു. കാഞ്ഞിരമറ്റം – മങ്ങാട്ടുകവല ബൈപാസില്‍ നിന്ന് വളരെ എളുപ്പത്തില്‍ കാരിക്കോട് ടൗണില്‍ എത്താന്‍ കഴിയുന്ന റോഡ് ആയതിനാല്‍ നൂറു കണക്കിനു വാഹനങ്ങളാണ് ഇതുവഴി പോകുന്നത്. കാരിക്കോടിനും വെള്ളിയാമറ്റം, തെക്കുംഭാഗം തുടങ്ങിയ റൂട്ടുകളിലേക്കുമുള്ള യാത്രക്കാരാണ് ഇതുവഴി കൂടുതല്‍ സഞ്ചരിക്കുന്നത്. എന്നാല്‍ ജില്ല ആശുപത്രിയുടെ ഭാഗം മുതല്‍ കാരിക്കോട് കവല വരെ ഇരുവശത്തും ഒരേ സമയം ഒട്ടേറെ വാഹനങ്ങളാണ് പാര്‍ക്ക് ചെയ്യുന്നത്. വീതി കുറഞ്ഞ റോഡായതിനാല്‍ ഇത് വന്‍ ഗതാഗത കുരുക്കിനു ഇടയാക്കുകയാണ്. കാരിക്കോട് ക്ഷേത്രത്തിലേക്കും, നൈനാരു പള്ളിയിലേക്കും പോകുന്നവരും കാരിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലേക്ക് പോകുന്നവരും അതുപോലെ കാരിക്കോട് ഭാഗത്ത് നിന്ന് ന്യൂമാന്‍ കോളജിലേക്ക് പോകുന്ന വിദ്യാര്‍ഥികളും ഉള്‍പ്പെടെയുള്ളവര്‍ ഈ വഴിയാണ് ഉപയോഗിക്കുന്നത്.
ഈ റോഡില്‍ പകല്‍ സമയം വലിയതോതില്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഇവിടെ റോഡിന്റെ ഒരു വശത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി വര ഇട്ടിട്ടുണ്ട്. എന്നാല്‍ പല വാഹനങ്ങളും മറുവശത്ത് പാര്‍ക്ക് ചെയ്ത ശേഷം പോകുന്നതാണ് ഗതാഗത കുരുക്കിന് ഇടയാക്കുന്നത്. അതുപോലെ റോഡിന്റെ പ്രവേശന ഭാഗത്ത് ഓട്ടോറിക്ഷ പാര്‍ക്ക് ചെയ്യുന്നത് ഗതാഗത കുരുക്ക് വര്‍ധിക്കുന്നതിന് കാരണമാകുന്നതായും പ്രദേശവാസികള്‍ക്ക് പരാതിയുണ്ട്. നേരത്തെ ട്രാഫിക് പോലീസ് എത്തി ഇവിടെ ഗതാഗതം ക്രമീകരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ ഭാഗത്തേക്ക് ആരും തിരിഞ്ഞു നോക്കുന്നില്ലെന്നാണ് പരാതി.

Related Articles

Back to top button
error: Content is protected !!