Local LiveMuvattupuzha

നിര്‍മല കോളേജിന് യൂജിസിയുടെ സ്വയംഭരണ പദവിയ്ക്കുള്ള അംഗീകാരം

മൂവാറ്റുപുഴ :  നിര്‍മല കോളേജിന് യൂജിസിയുടെ സ്വയംഭരണ പദവിയ്ക്കുള്ള അംഗീകാരം ലഭിച്ചു. വിവിധ പ്രോഗ്രാമുകളില്‍ ലഭിച്ച 67 റാങ്കുകളും ഉയര്‍ന്ന വിജയശതമാനവും ഗവേഷണരംഗത്ത് കൈവരിച്ച നേട്ടങ്ങളും അതോടൊപ്പം ഉന്നതവിദ്യാഭ്യാസരംഗത്തുള്ള കോളേജിന്റെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് സ്വയംഭരണ പദവി. നാക് അക്രിഡിറ്റേഷനിലൂടെ കോളേജിന് ലഭിച്ച എ++ ഗ്രേഡും ഉയര്‍ന്ന 3.73 ഗ്രേഡ് പോയിന്റും എന്‍ഐആര്‍എഫ് റാങ്കും യൂജിസിയുടെ അംഗീകാരത്തിന് വഴിതെളിച്ചു. മൂവായിരത്തില്‍പ്പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന കലാലയം എംജി സര്‍വ്വകലാശാലയുടെ സ്വയംഭരണ അനുമതിയ്ക്കായി കാത്തിരിക്കുന്നു.

ഇതിനോടനുബന്ധിച്ച് നടന്ന അനുമോദന യോഗത്തില്‍ കോളേജ് മാനേജര്‍ ഫാ. ഡോ. പയസ് മലേക്കണ്ടത്തില്‍ കോളേജ് കൈവരിച്ച നേട്ടത്തെ പ്രത്യേകം പ്രശംസിക്കുകയും, നാഷണല്‍ എഡ്യൂക്കേഷന്‍ പോളിസിയുടെ ഭാഗമായി കോളേജിനെ കല്‍പിത സര്‍വ്വകലാശാല പദവിയിലേക്ക് ഉയര്‍ത്തുകയാണ് തുടര്‍ന്നുള്ള ലക്ഷ്യമെന്നും പറഞ്ഞു.കേന്ദ്രശാസ്ത്ര സാങ്കേതിക മന്ത്രാലയം ഗവേഷണ രംഗത്തെ മികവിന്റെ അടിസ്ഥാനത്തില്‍ സയന്‍സ് വകുപ്പുകള്‍ക്കുള്ള ധനസഹായത്തിനായി നിര്‍മല കോളേജിനെ ഈ വര്‍ഷം തിരഞ്ഞെടുത്തിരുന്നു. ഇത്തരത്തില്‍ ധനസഹായം ലഭിച്ച കേരളത്തിലെ ചുരുക്കം ചില കോളേജുകളില്‍ ഒന്നാണ് നിര്‍മല കോളേജ്.യോഗത്തില്‍ കോതമംഗലം രൂപത ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഫാ. ഡോ. പോള്‍ പാറത്താഴം, കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. കെ. വി. തോമസ്, വൈസ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇമ്മാനുവല്‍ എ.ജെ., കോളേജ് ബര്‍സാര്‍ ഫാ. ഡോ. ജസ്റ്റിന്‍ കെ. കുര്യാക്കോസ്, ഓട്ടോണമസ് കോര്‍ഡിനേറ്റര്‍ ഡോ. സോണി കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!