IdukkiLocal Live

അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതില്‍ വിട്ടുവീഴ്ചയില്ല: മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി : അര്‍ഹതപ്പെട്ടവര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ചെറുതോണി ടൗണ്‍ഹാളില്‍ നടന്ന പട്ടയമേളയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ആയിരം പട്ടയങ്ങള്‍ നല്‍കാന്‍ കഴിഞ്ഞത് അഭിമാനാര്‍ഹമാണ്. ജില്ലയില്‍ രണ്ടുവര്‍ഷത്തിനിടെ 7,458 പട്ടയങ്ങള്‍ വിതരണം ചെയ്തു. കോടതിയുടെ അനുമതിയോടെ നാലായിരം പട്ടയങ്ങള്‍ ഉടന്‍ വിതരണം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഷോപ്പ് സെന്ററുകള്‍ക്ക് പട്ടയം അനുവദിക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. ഇതിന്റെ ഭാഗമായി കട്ടപ്പനയില്‍ ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തിയായിട്ടുണ്ട്. എംഎല്‍എമാരുടെ നേതൃത്വത്തില്‍ പട്ടയ അസംബ്ലികള്‍, കേന്ദ്ര വനംവകുപ്പുമായുള്ള ചര്‍ച്ചകള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും മന്ത്രി പറഞ്ഞു.

ഡീന്‍ കുര്യാക്കോസ് എംപി, വാഴൂര്‍ സോമന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ബിനു, കളക്ടര്‍ ഷീബ ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ഭൂമി പതിവ് ചട്ടങ്ങള്‍ പ്രകാരം തയാറാക്കിയ 1000 പട്ടയങ്ങളാണ് വിതരണം ചെയ്തത്. താലൂക്ക് ഓഫീസുകള്‍, വിവിധ ഭൂമിപതിവ് സ്‌പെഷല്‍ ഓഫീസുകള്‍ എന്നിവ മുഖേന തയാറാക്കിയ 1993 ലെ ഭൂമി പതിവ് ചട്ടങ്ങള്‍, ജില്ലയിലെ അതിദരിദ്രരായ കുടുംബങ്ങള്‍ക്ക് കണ്ടെത്തിയ ഭൂമിക്കുള്ള പട്ടയങ്ങള്‍, രാജീവ് ദശലക്ഷം പദ്ധതി പ്രകാരം ഹൗസിംഗ് ബോര്‍ഡ് ഭവനപദ്ധതി നടപ്പാക്കിയ ഗുണഭോക്താക്കള്‍ക്കുള്ള പട്ടയങ്ങള്‍, വനാവകാശ രേഖകള്‍, ലാന്‍ഡ് ട്രിബ്യൂണല്‍ ക്രയസര്‍ട്ടിഫിക്കറ്റുകള്‍, മുനിസിപ്പല്‍ പ്രദേശത്തെ പട്ടയങ്ങള്‍, ഹൈറേഞ്ച് കോളനൈസേഷന്‍ സ്‌കീം പട്ടയങ്ങള്‍ തുടങ്ങിയവയും വിതരണം ചെയ്ത പട്ടയങ്ങളില്‍ ഉള്‍പ്പെടുന്നു.

 

Related Articles

Back to top button
error: Content is protected !!