ChuttuvattomThodupuzha

വര്‍ധിച്ചുവരുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്കെതിരെ നോ പാര്‍ക്കിംഗ്- നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചു

തൊടുപുഴ: നഗരത്തിലെ അനധികൃത പാര്‍ക്കിംഗിനും വര്‍ധിച്ചുവരുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്കുമെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ച് ട്രാഫിക് പോലീസ്. ഇതിന്റെ ഭാഗമായി നഗരത്തിന്റെ വിവിധ മേഖലകളില്‍ നോ പാര്‍ക്കിംഗ്, നോ എന്‍ട്രി ബോര്‍ഡുകള്‍ സ്ഥാപിച്ചു. കൂടാതെ ട്രാഫിക് നിയമം സംബന്ധിച്ചുള്ള ബോധവത്കരണ ബോര്‍ഡുകളും സ്ഥാപിക്കാനും ഒരുങ്ങുന്നു. നിലവില്‍ 25 ഓളം ബോര്‍ഡുകളാണ് നഗരത്തില്‍ പുതുതായി സ്ഥാപിക്കുന്നത്. നേരത്തെ സ്ഥാപിച്ചിരുന്ന ബോര്‍ഡുകള്‍ക്ക് പുറമെയാണിത്. നഗരത്തില്‍ ഗതാഗതക്കുരുക്കിന് ഇടയാക്കുന്ന അനധികൃത പാര്‍ക്കിംഗ് കര്‍ശനമായി നിരോധിക്കുമെന്ന് ട്രാഫിക് എസ്‌ഐ പറഞ്ഞു. ബോര്‍ഡുകള്‍ സ്ഥാപിച്ച ശേഷവും ഇത്തരം മേഖലകളില്‍ പാര്‍ക്കു ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.പുളിമൂട്ടില്‍ ജംഗ്ഷന്‍, തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ റെസ്റ്റ് ഹൗസ്, പ്രസ്‌ക്ലബ്, അമ്പലം ബൈപാസ്, പോലീസ് സ്റ്റേഷന്‍, എപിജെ അബ്ദുള്‍ കലാം സ്‌കൂളിന് സമീപം എന്നിവിടങ്ങളിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മാര്‍ക്കറ്റ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പുളിമൂട്ടില്‍ ജംഗ്ഷനില്‍ നിന്നും വലത്തേയ്ക്ക് തിരിയരുതെന്ന നോ എന്‍ട്രി ബോര്‍ഡും സ്ഥാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ബോര്‍ഡുകള്‍ നഗരത്തിലുടനീളം സ്ഥാപിക്കുന്നത്.നഗരത്തിലെ ഗതാഗതക്കുരുക്ക് പ്രധാനമായും ഉണ്ടാകുന്നത് അനധികൃത പാര്‍ക്കിംഗ് മൂലമാണെന്ന് ട്രാഫിക് പോലീസ് പറയുന്നു. പലയിടങ്ങളിലും നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം നോക്കുകുത്തിയാക്കിയാണ് വാഹനങ്ങള്‍ തലങ്ങും വിലങ്ങും പാര്‍ക്കു ചെയ്യുന്നത്.

വാഹനങ്ങളുടെ പാതയോരത്തെ പാര്‍ക്കിംഗ് ഏറെ ബുദ്ധിമുട്ടിലാക്കുന്നത് കാല്‍നടയാത്രക്കാരെയാണ് കൂടാതെ നടപ്പാതകളില്‍ വരെ കയറ്റിയാണ് വാഹന പാര്‍ക്കിംഗ് ഇതും ഏറെ ഗതാകുരുക്ക് സൃഷ്ടിക്കുന്നു. ഒട്ടേറെ വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്ന അമ്പലം റോഡില്‍ പോലീസ് നോ പാര്‍ക്കിംഗ് ബോര്‍ഡുകള്‍ സ്ഥാപിച്ച് കയര്‍ കെട്ടിത്തിരിച്ചതോടെ ഇവിടെ പാര്‍ക്കിംഗ് പൂര്‍ണമായും ഒഴിവാക്കിയിട്ടും ഇവിടെ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വീതി കുറഞ്ഞ റോഡില്‍ ഇരു ഭാഗത്ത് നിന്നും വാഹനം എത്തുന്നത് ഗതാഗത തടസത്തിനിടയാക്കുന്നു. മാര്‍ക്കറ്റ് റോഡിലെ വ്യാപാര സ്ഥാപനങ്ങളിലേക്ക് ചരക്കുമായെത്തുന്ന ലോറികള്‍ ഇവിടെ ഏറെ സമയം പാര്‍ക്കു ചെയ്യുന്നത് ഇവിടെ വലിയ ഗതാഗത തടസം സൃഷ്ടിക്കുന്നു. നഗരത്തില്‍ വാഹന പാര്‍ക്കിംഗ് സൗകര്യം ഇല്ലാത്തതാണ് പ്രശ്‌നത്തിനു കാരണമെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. സമീപ പട്ടണങ്ങളെ അപേക്ഷിച്ച് ഏറെ ബൈപാസ് റോഡുകളുള്ള തൊടുപുഴയില്‍ ഇത്തരം പാതയോരങ്ങള്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഉപയോഗിക്കണമെന്നാണ് അധികൃതര്‍ പറയുന്നത്. നഗരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ ബൈപാസ് റോഡുകളില്‍ വാഹനം പാര്‍ക്കു ചെയ്ത് നടന്നുവേണം നഗരത്തിലെത്താന്‍ എന്ന കാരണങ്ങളെല്ലാം തന്നെയാണ് വാഹനയുടമകള്‍ പാര്‍ക്കിംഗിനായി നഗരപാതകള്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Related Articles

Back to top button
error: Content is protected !!