IdukkiLocal Live

റോഡില്ലെങ്കില്‍ വോട്ടില്ല : കൊച്ചുകരിമ്പനിലെ 65 കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചു

ഇടുക്കി : റോഡ് നന്നാക്കിക്കൊടുക്കാത്തതില്‍ പ്രതിഷേധിച്ച് കൊച്ചുകരിമ്പനില്‍ 65 കുടുംബങ്ങള്‍ വോട്ട് ബഹിഷ്‌കരിച്ചു. ജനവാസം തുടങ്ങി അരനൂറ്റാണ്ടു കഴിഞ്ഞിട്ടും പഴയ കൂപ്പുറോഡിലൂടെ സഞ്ചരിക്കുന്ന കൊച്ചുകരിമ്പനിലുള്ള കുടുംബങ്ങളാണ് വോട്ട് ബഹിഷ്‌കരിച്ചത്. ഇവരുടെ ഏക ആശ്രയമായ ഗവ. എല്‍പി സ്‌കൂള്‍ പടി – സിഎസ്ഐ ചര്‍ച്ച് – മില്ലുംപടി റോഡാണ് രണ്ടു തലമുറ നടന്നുതീര്‍ത്തിട്ടും നന്നാക്കാത്തത്.

കാലാകാലങ്ങളില്‍ തെരഞ്ഞെടുപ്പു വരുമ്പോള്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനവുമായെത്തും. ജയിച്ചു കഴിഞ്ഞാല്‍ ഇവര്‍ തിരിഞ്ഞുനോക്കാറില്ലെന്നാണ് പ്രദേശവാസികളുടെ ആക്ഷേപം. മൂന്നു കിലോമീറ്റര്‍ ദൂരം വരുന്ന റോഡ് നന്നാക്കി ടാര്‍ ചെയ്തു തരണമെന്നാവശ്യപ്പെട്ട് കയറിയിറങ്ങാത്ത ഓഫീസുകളും കാണാത്ത ജനപ്രതിനിധികളുമില്ലെന്ന് ഇവര്‍ പറയുന്നു.

മരിയാപുരം – വാത്തിക്കുടി പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡുകൂടിയാണിത്. 2024-ല്‍ റോഡിനുവേണ്ടി ജനകീയസമിതി 35 ദിവസമാണ് നിരാഹാരസമരം നടത്തിയത്. സമരം അവസാനിപ്പിക്കാന്‍ ജനപ്രതിനിധികള്‍ അന്നു നല്‍കിയ വാഗ്ദാനങ്ങളും പാലിച്ചില്ല. ഇതേത്തുടര്‍ന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ടുചെയ്യേണ്ടെന്നു കൊച്ചുകരിമ്പന്‍ ജനകീയ സമിതി തീരുമാനിച്ചത്. കഴിഞ്ഞ രാത്രിയിലും രാഷ്ട്രീയകക്ഷികള്‍ വീടുവീടാന്തരം കയറി വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഇവരുടെ ആവശ്യം പരിഹരിക്കുമെന്ന് ആരും ഉറപ്പു നല്‍കിയിരുന്നില്ലെന്നും സമരസമിതി ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!