ChuttuvattomThodupuzha

ഓണം സ്‌പെഷ്യല്‍ ഡ്രൈവ്: മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ നടത്തിയത് 492 റെയ്ഡുകള്‍; എടുത്തത് 104 കേസുകള്‍

ഇടുക്കി: ഓണക്കാലത്തെ മദ്യ-മയക്കുമരുന്ന് കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനും തടയുന്നതിനും ഇടുക്കി ഓണം സ്‌പെഷ്യല്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡ്രൈവ് ആദ്യ 15 ദിവസം പിന്നിട്ടപ്പോള്‍ നടത്തിയത് 492 റെയ്ഡുകള്‍. പരിശോധനകളെ തുടര്‍ന്ന് ജില്ലയില്‍ ആറ് മേജര്‍ എന്‍.ഡി.പി.എസ് കേസുകളും വ്യാജ മദ്യവും ചാരായവും കോടയുമടക്കം ആകെ ഒമ്പത് മേജര്‍ അബ്കാരി കേസുകളും എടുത്തതായി എക്‌സൈസ് വകുപ്പ് അധികൃതര്‍ അറിയിച്ചു.
ആകെ 58 അബ്കാരി കേസുകളും 46 എന്‍.ഡി.പി.എസ് കേസുകളുമാണ് കണ്ടെത്തിയത്. 151 ലിറ്റര്‍ മദ്യം, 78 ലിറ്റര്‍ ചാരായം, 11.75 ലിറ്റര്‍ വ്യാജ മദ്യം, 7 ലിറ്റര്‍ ബിയര്‍, 1350 ലിറ്റര്‍ കോട, 9 കിലോ കഞ്ചാവ്, 4 കഞ്ചാവ് ചെടികള്‍, 2.164 മില്ലി ഗ്രാം എം.ഡി.എം.എ എന്നിവ തൊണ്ടിമുതലായി പിടിച്ചെടുത്തു. ആറ് വാഹനങ്ങളാണ് പരിശോധനയുടെ ഭാഗമായി കസ്റ്റഡിയിലെടുത്തത്. സെപ്റ്റംബര്‍ 5 വരെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനം തുടരും.

പോലീസ്, ഫോറസ്റ്റ്, റവന്യൂ വകുപ്പുകളും വിവിധ എക്‌സൈസ് ഓഫീസുകളിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് ഓരോ റേഞ്ചിലും റെയ്ഡുകള്‍ നടത്തുന്നത്. കൂടാതെ തമിഴ്‌നാട് പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍, തമിഴ്‌നാട് പ്രോഹിബിഷന്‍ ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് വിങ് എന്നിവരുമായി ചേര്‍ന്ന് ചെക്ക്‌പോസ്റ്റുകളിലും അതിര്‍ത്തി മേഖലകളിലും സംയുക്ത പരിശോധനകള്‍ നടത്തുന്നതിനും കുറ്റകൃത്യങ്ങള്‍ കണ്ടെത്തി തടയാനും വിവരങ്ങള്‍ കൈമാറുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിച്ചതായി ഇടുക്കി ഡെപ്യുട്ടി എക്‌സൈസ് കമ്മിഷണര്‍ അറിയിച്ചു. പോലീസ് ശ്വാനസേനയുടെ സേവനവും ഉപയോഗപ്പെടുത്തുന്നുണ്ട്. വ്യാജമദ്യം, മയക്കുമരുന്ന് എന്നിവ സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങള്‍ ഉടന്‍ തന്നെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ഡിവിഷണല്‍ കണ്‍ട്രോള്‍ റൂമില്‍  അറിയിക്കാം. അടിയന്തര നടപടി സ്വീകരിക്കുന്നതിന് സര്‍ക്കിള്‍ തലത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്‌ട്രൈക്കിംഗ് ഫോഴ്‌സ് ടീമിനെയും സജ്ജമാക്കിയിട്ടുണ്ട്. ജില്ലാതല എക്‌സൈസ് കണ്‍ട്രോള്‍ റൂം- ടോള്‍ ഫ്രീ നമ്പര്‍: 18004253415, ഹോട്ട് ലൈന്‍ നമ്പര്‍: 155358

Related Articles

Back to top button
error: Content is protected !!