Moolammattam

കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് വീണ് ലോട്ടറി കച്ചവടക്കാരന് പരിക്ക്‌

മൂലമറ്റം: കെ.എസ്.ആര്‍.ടി.സി ബസില്‍ നിന്ന് റോഡില്‍ വീണ ലോട്ടറി കച്ചവടക്കാരനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട് 4.30ന് മൂലമറ്റത്തിന് സമീപം ഇലപ്പള്ളിയിലായിരുന്നു സംഭവം. തൊടുപുഴയില്‍ നിന്ന് കുമളിക്ക് പോയ ബസില്‍ മൂലമറ്റത്തു നിന്ന് കയറിയ എടാട് സ്വദേശി രാജപ്പനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മദ്യപിച്ചിരുന്ന രാജപ്പന്‍ വിദ്യാര്‍ത്ഥികളും സ്ത്രീകളും ഉള്‍പ്പെടെ നിറയെ യാത്രക്കാരുണ്ടായിരുന്ന ബസില്‍ ഉച്ചത്തില്‍ ചീത്ത വിളിച്ച്‌ ബഹളം വെച്ചു. ഇത്‌ ചോദ്യം ചെയ്ത കണ്ടക്ടറോടും യാത്രക്കാരോടും ഇയാള്‍ തട്ടിക്കയറി.

തുടര്‍ന്ന് ബസ് നിര്‍ത്തി കണ്ടക്ടറും യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ബലമായിട്ടെന്ന പോലെ പിടിച്ചിറക്കി വിട്ടു. ഈ സമയം ഇയാള്‍ ഉടുത്തിരുന്ന മുണ്ട് ബസില്‍ ഉടക്കി റോഡില്‍ വീഴുകയായിരുന്നെന്ന് കാഞ്ഞാര്‍ പൊലീസ് പറയുന്നു. എന്നാല്‍ തന്നെ ബസ്സില്‍ നിന്നും തള്ളി താഴെ ഇട്ടതാണെന്ന് ഇയാള്‍ ഉച്ചത്തില്‍ വിളിച്ച്‌ പറയുന്നുണ്ടായിരുന്നു. സാരമായ പരിക്ക് പറ്റിയ രാജപ്പനെ ആദ്യം മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലേക്കും മാറ്റി. പരാതി ഇല്ലാത്തതിനാല്‍ കേസെടുത്തിട്ടില്ലെന്ന് കാഞ്ഞാര്‍ പൊലീസ് പറഞ്ഞു.

Related Articles

Back to top button
error: Content is protected !!