Thodupuzha

നഗരത്തിലെ പ്രധാന പാതകളിലൊന്നായ അമ്പലം റോഡ് തകര്‍ന്നു

തൊടുപുഴ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ അമ്പലം റോഡ് തകര്‍ന്നു. മഴ ശക്തമായതോടെ റോഡിന്റെ അവസ്ഥ കൂടുതല്‍ ശോചനീയമായി. പ്രധാന റോഡുകളായ അമ്പലം ബൈപാസ് റോഡ്- മൂവാറ്റുപുഴ റോഡുകളെ ബന്ധിപ്പിക്കുന്നതും ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്കുള്ള പാതയുമാണ് കുണ്ടും കുഴിയുമായി മാറിയത്. പാലം കടന്നുള്ള വണ്‍വേ വഴി കടന്നു വരുന്ന വാഹനങ്ങള്‍ മാര്‍ക്കറ്റ് റോഡിലേക്കും തിരിച്ച് നഗരത്തിലേക്കും പ്രവേശിക്കുന്നത് അമ്പലം റോഡ് വഴിയാണ്. എന്നാല്‍ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡ് ഇപ്പോള്‍ നഗരത്തിലെ ദുര്‍ഘട പാതയായി മാറിയിരിക്കുകയാണ്.
റോഡ് പൂര്‍ണമായും പാര്‍ക്കിംഗ് നിരോധന മേഖലയാണെങ്കിലും ഒട്ടേറെ വാഹനങ്ങള്‍ പാതയുടെ ഇടതു വശം ചേര്‍ന്ന് അനധികൃതമായി പാര്‍ക്കു ചെയ്യുന്നുണ്ട്. ട്രാഫിക് പോലീസ് നോ പാര്‍ക്കിംഗ് ബോര്‍ഡുകളും റോഡിലുടനീളം സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അവഗണിച്ചാണ് വാഹനങ്ങള്‍ ഇവിടെ പാര്‍ക്കു ചെയ്യുന്നത്. ഇടതു വശം പൂര്‍ണമായും വാഹനങ്ങള്‍ കൈയടക്കുന്നതിനാല്‍ വലതു ഭാഗത്തു കൂടിയാണ് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്. ഈ ഭാഗത്താണ് റോഡ് കൂടുതലായി തകര്‍ന്നിരിക്കുന്നത്.
നഗരത്തിലെ ചില റോഡുകളിലെ കുഴികള്‍ അധികൃതര്‍ താത്കാലികമായി അടച്ചെങ്കിലും നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന അമ്പലം റോഡിലെ കുഴികള്‍ അടയ്ക്കാന്‍ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്. തകര്‍ന്ന റോഡ് അറ്റകുറ്റപ്പണി നടത്തി പുനര്‍ നിര്‍മിക്കണമെന്ന് ക്ഷേത്രം ഭാരവാഹികളും ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!