ChuttuvattomThodupuzha

ഓണ്‍ലൈന്‍ പണം തട്ടിപ്പ് : തൊടുപുഴ സ്വദേശിനിയായ യുവതിയുടെ പണം തട്ടിയെടുത്ത നാല് പേര്‍ അറസ്റ്റില്‍

തൊടുപുഴ : ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ തൊടുപുഴ സ്വദേശിനിയായ യുവതിയുടെ പണം തട്ടിയെടുത്ത സംഘവുമായി ബന്ധമുള്ള നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുന്നത്തുനാട് പട്ടിമറ്റം മുരയിന്‍ചിറ ഫാരിസ് (24), ബന്ധു റമീസ് (22), വടുതല ചേരാനല്ലൂര്‍ ബൈതുള്‍ നസറില്‍ ഫസല്‍ (21), കുമാരപുരം പുളിക്കല്‍ സംഗീത് (22) എന്നിവരാണ് അറസ്റ്റിലായത്. യുവതിയില്‍ നിന്ന് തട്ടിയെടുത്ത പണം ഇവരുടെ അക്കൗണ്ടിലേക്കാണ് വന്നതെന്നും ഇതില്‍ നിന്നാണ് പിന്‍വലിച്ചതെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. തൊടുപുഴ സ്വദേശിനിയായ യുവതിയുടെ 6.18 ലക്ഷം രൂപയാണ് ജനുവരി 21 മുതല്‍ ഫെബ്രുവരി നാല് വരെയുള്ള കാലയളവില്‍ നഷ്ടമായത്. ആമസോണിന്റേതെന്ന വ്യാജേന ടെലഗ്രാം വഴി യുവതിക്ക് അയച്ച് കിട്ടിയ ലിങ്കില്‍ നിന്നാണ് തട്ടിപ്പിന്റെ തുടക്കം.

ലിങ്കില്‍ പറയുന്ന ടാസ്‌കുകള്‍ പൂര്‍ത്തിയാക്കിയാല്‍ ആകര്‍ഷകമായ സമ്മാനമായിരുന്നു വാഗ്ദാനം. ടാസ്‌കിലേക്ക് കടക്കണമെങ്കില്‍ ഗൂഗിള്‍ പേ വഴി നിശ്ചിത തുക അയച്ചു നല്‍കണം. ടാസ്‌ക് പൂര്‍ത്തിയാക്കിയാല്‍ ഇരട്ടിയോളം തുക തിരിച്ചു നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇങ്ങിനെ യുവതി 6.18 രൂപ പലതവണയായി നല്‍കിയെന്ന് പോലീസ് പറയുന്നു. പിന്നീട് ടാസ്‌കിലൂടെ കിട്ടിയ പണം ബാങ്ക് അക്കൗണ്ടിലേക്ക് അയച്ചുവെന്ന് കാട്ടി തട്ടിപ്പുകാര്‍ ഒരു സന്ദേശവും യുവതിക്ക് അയച്ചു. ബാങ്കില്‍ അന്വേഷിച്ചപ്പോള്‍ പണം വന്നിരുന്നില്ല. ഇതോടെയാണ് തട്ടിപ്പ് നടന്നെന്ന് മനസ്സിലായത്. തുടര്‍ന്ന് യുവതി തൊടുപുഴ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പോലീസ് യുവാക്കളിലേക്ക് എത്തിയത്. പിന്നീട് ഇവരെ എറണാകുളത്തെ വിവിധ ഭാഗങ്ങളില്‍ നിന്ന് പിടികൂടുകയായിരുന്നു. തട്ടിപ്പിന് പിന്നില്‍ വലിയ സംഘമാണോ എന്ന സംശയം പോലീസിനുള്ളതിനാല്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. ജില്ല പോലീസ് മേധാവി ടി.കെ.വിഷ്ണു പ്രദീപ്, ഡി.വൈ.എസ്.പി.മാരായ മുഹമ്മദ് റിയാസ്, ബിജു എന്നിവരുടെ നിര്‍ദ്ദേശ പ്രകാരം ഇന്‍സ്‌പെക്ടര്‍ മഹേഷ് കുമാര്‍, എസ്.പി.സി. ഒ.കെ.അയൂബ്, എസ്.ഐ. റഷീദ്, എസ്.സി.പി.ഒ. രാംകുമാര്‍, സി.പി.ഒ. അനീഷ് ജോസ്, ഡാലു, രാജീവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

 

Related Articles

Back to top button
error: Content is protected !!