IdukkiThodupuzha

ഓപ്പറേഷന്‍ അരിക്കൊമ്പന്‍: ജാഗ്രതയോടെ ഇടുക്കി ജില്ലാ ഭരണകൂടം

 

തൊടുപുഴ: ജനവാസ മേഖലകളില്‍ നാശം വിതയ്ക്കുന്ന കാട്ടാന അരിക്കൊമ്പനെ പിടിക്കുന്നതിന് മുന്നോടിയായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ 25 ന് നിരോധനാജ്ഞ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. ഇതിന് മുന്നോടിയായി ജില്ലാ കലക്ടര്‍ ഷീബാ ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ മൂന്നാറില്‍ അവലോകനയോഗം ചേര്‍ന്നു. കോട്ടയം ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അരുണ്‍ ആര്‍ എസ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ഓപ്പറേഷന്‍ അരിക്കൊമ്പന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ അവലോകനം ചെയ്തു.

25 ന് ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളിലെ തെരഞ്ഞെടുക്കപ്പെടുന്ന വാര്‍ഡുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി കലക്ടര്‍ അറിയിച്ചു. ഒരു കാരണവശാലും കാഴ്ചക്കാരെയോ , വീഡിയോ

വ്‌ളോഗര്‍മാരെയോ ഈ ഭാഗത്തേക്ക് കടത്തിവിടുകയില്ല. സൂര്യനെല്ലി ബി.എല്‍ റാം ഭാഗത്ത് ഗതാഗതം നിരോധിച്ച് കനത്ത ജാഗ്രതയിലാണ് ഓപ്പറേഷന്‍ അരിക്കൊമ്പന്‍ നടപ്പാക്കുക. വനം വകുപ്പിന്റെ 11 ടീമുകളിലായി 71 അംഗ റാപിഡ് റെസ്‌പോണ്‍സ് ടീമാണ് ദൗത്യത്തില്‍ പങ്കെടുക്കുന്നത്. പോലീസിന്റെ കനത്ത സുരക്ഷ ഈ ദിവസങ്ങളില്‍ പ്രദേശത്ത് ഉണ്ടായിരിക്കും. മയക്കു വെടിവെച്ച് പിടികൂടുന്ന അരിക്കൊമ്പനെ അടിമാലി വഴി കോടനാട്ടേക്ക് കൊണ്ടുപോകുന്നതിനാണ് വനം വകുപ്പ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പോകുന്ന വഴികളില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സുരക്ഷ ഒരുക്കും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ രണ്ട് ആംബുലന്‍സുകളും മെഡിക്കല്‍ ടീമിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാന്‍ അഗ്‌നിരക്ഷാ സേന തയ്യാറായിരിക്കും.

25 ന് പുലര്‍ച്ചെ നാലു മണിയോടെ ദൗത്യം ആരംഭിക്കുന്നതിനാണ് ഉദ്ദേശിക്കുന്നത് . ഉച്ചയ്ക്ക് മുന്‍പായി ദൗത്യം പൂര്‍ത്തീകരിക്കാനാണ് വനം വകുപ്പിന്റെ ശ്രമം. ഉച്ചകഴിഞ്ഞ് കൊമ്പനെ പിടിക്കാനുള്ള ശ്രമം ദുഷ്‌കരമാണ്. അങ്ങനെയെങ്കില്‍ ദൗത്യം അടുത്ത ദിവസത്തേക്ക് മാറ്റും. വെള്ളിയാഴ്ച ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മോക്ക് ഡ്രില്‍ സംഘടിപ്പിക്കും.

ഇന്ന് ചിന്നക്കനാല്‍ പഞ്ചായത്തില്‍ വൈകിട്ട് 3 ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, തോട്ടം ഉടമകള്‍, റിസോര്‍ട്ട് ഉടമകള്‍ എന്നിവരുടെ യോഗം ചേര്‍ന്ന് ജനങ്ങളുടെ സഹകരണം ഉറപ്പുവരുത്താനും യോഗം തീരുമാനിച്ചു.

യോഗത്തില്‍ ദേവികുളം സബ്കലക്ടര്‍ രാഹുല്‍ കൃഷ്ണ ശര്‍മ, ഡി.എഫ്.ഒ രമേഷ് ബിഷ്‌ണോയ്, ജില്ലാ പഞ്ചായത്തംഗം ഉഷാകുമാരി മോഹന്‍ കുമാര്‍, ഭവ്യ കണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!