IdukkiLocal Live

അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കര്‍ശനമായി തടയും : ജില്ലാ കളക്ടര്‍

ഇടുക്കി : വിനോദസഞ്ചാര കേന്ദ്രങ്ങളിലെ അനധികൃത ആനസവാരി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം കര്‍ശനമായി തടയുമെന്ന് ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളില്‍ പരിശോധന നടത്തി കര്‍ശന നിയമ നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിമാലിയ്ക്ക് സമീപം പ്രവര്‍ത്തിച്ചിരുന്ന ‘കേരള ഫാം’ എന്ന സ്വകാര്യ ആനസവാരി കേന്ദ്രത്തില്‍ ആനയുടെ ചവിട്ടേറ്റ് പാപ്പാന്‍ മരണമടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കളക്ടറുടെ അടിയന്തര നിര്‍ദേശം. അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന അടിമാലിയിയിലെ കേന്ദ്രം അടച്ചുപൂട്ടിയിട്ടുണ്ട്. ആനയെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കോട്ടയം ജില്ലയിലേയ്ക്ക് മാറ്റുന്നതിന് ഉടമസ്ഥന് നിര്‍ദ്ദേശം നല്‍കി. ആന സവാരി കേന്ദ്രത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇത്തരം കേന്ദ്രങ്ങളില്‍ അപകടങ്ങളും, ജീവഹാനികളും സംഭവിക്കുവാനുള്ള സാധ്യതകള്‍ കൂടുതലാണ് . ഈ സാഹചര്യത്തില്‍ ജില്ലയില്‍ അനധികൃത കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നുള്ളത് തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിനും ശ്രദ്ധയില്‍പ്പെട്ടാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിനും നാട്ടാന പരിപാലന ചട്ടം അനുസരിച്ച് വനം വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട് . ഒരു ആനയ്ക്ക് ലഭിച്ച ലൈസന്‍സിന്റെ മറവില്‍ കൂടുതല്‍ ആനകളെ ഉപയോഗിക്കുന്നത് കര്‍ശനമായി തടയും. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷനില്ലാതെയും, യാതൊരു അനുമതികളില്ലാതെയും പ്രവര്‍ത്തിക്കുന്ന ആനസവാരികേന്ദ്രങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പോലീസ് , വനം വകുപ്പ് അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

 

Related Articles

Back to top button
error: Content is protected !!