National

സര്‍വലോക തൊഴിലാളികളെ സംഘടിക്കുവിന്‍… ; ഇന്ന് ലോക തൊഴിലാളി ദിനം

ന്യൂഡല്‍ഹി: ആധുനികാന്തര മുതലാളിത്തം ചൂഷണത്തിന് പുതിയ മാനങ്ങള്‍ തേടുമ്പോള്‍ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലെന്നവണ്ണം വീണ്ടുമൊരു തൊഴിലാളി ദിനം കൂടി വന്നെത്തുകയാണ്. മെയ് ഒന്ന് ഒരു ഓര്‍മ പുതുക്കലിന്റെ ദിനം കൂടിയാണ്.16 മുതല്‍ 20 മണിക്കൂറോളം കഠിനജോലി, നാലുമണിക്കൂര്‍ മാത്രം വിശ്രമം. ഒരു നൂറ്റാണ്ടുവരെ ഇതായിരുന്നു തൊഴിലാളി ജീവിതങ്ങളുടെ ദിനക്രമം. രാവന്തിയോളം പണിയെടുത്തിട്ടും കിട്ടുന്നതാകട്ടെ തുച്ഛമായ വേതനവും.1886 മേയ് ഒന്നിന് അമേരിക്കയിലെ ചിക്കാഗോയില്‍ മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് ഇതിനെതിരെ രംഗത്തെത്തിയത്. അവര്‍ സര്‍വ ലോക തൊഴിലാളികള്‍ക്കായി പണിമുടക്കി. എട്ടുമണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്നതായിരുന്നു മുദ്രാവാക്യങ്ങള്‍.

മേയ് മൂന്നിന് പൊലീസുമായുണ്ടായ സംഘര്‍ഷത്തില്‍ രണ്ടു തൊഴിലാളികള്‍ കൊല്ലപ്പെട്ടു. ഇതോടെ പ്രതിഷേധം വീണ്ടും ശക്തിപ്പെട്ടു. പിറ്റേന്ന് ചിക്കാഗോയിലെ ഹേയ് മാര്‍ക്കറ്റ് സ്‌ക്വയറില്‍ സമാധാനപരമായി സമ്മേളിച്ച സമരക്കാരിലേക്ക് അമേരിക്കന്‍ പൊലീസ് ഏജന്റുമാരില്‍ ഒരാള്‍ ബോംബെറിഞ്ഞതോടെ സംഭവം വീണ്ടും ഗുരുതരമാവുകയായിരുന്നു. ജനക്കൂട്ടത്തിനുനേരെ പൊലീസ് നിറയൊഴിച്ചു. ആറ് തൊഴിലാളികള്‍ തോക്കിന്‍മുനയില്‍ പിടഞ്ഞുവീണു മരിച്ചു. സമരത്തെ അടിച്ചൊതുക്കാന്‍ തൊഴിലാളി നേതാക്കള്‍ക്കെതിരെ കേസെടുത്ത് അവരെ ആദ്യം ജയിലിലടച്ചു. പിന്നാലെ പ്രധാന നേതാക്കളെ തൂക്കിലേറ്റി. അപ്പോഴേക്കും സമരം ചിക്കാഗോ നഗരം വിട്ട് കടലും കടന്ന് യൂറോപ്പ് വരെ വ്യാപിച്ചു കഴിഞ്ഞിരുന്നു.

ഒടുവില്‍ ഗത്യന്തരമില്ലാതെ എട്ട് മണിക്കൂര്‍ ജോലിയെന്ന തൊഴിലാളികളുടെ ആവശ്യം ഭരണാധികാരികള്‍ക്ക് അംഗീകരിക്കുകയല്ലാതെ മറ്റ് വഴികളൊന്നും ഉണ്ടായില്ല. 1904ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷനല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സാണ് എട്ട് മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മേയ് ഒന്നിനെ തൊഴിലാളി ദിനമായി പ്രഖ്യാപിച്ചത്. എട്ട് മണിക്കൂര്‍ ജോലിയെന്ന അടിസ്ഥാന ആവശ്യം പിന്നീട് പതിയെ തമസ്‌കരിക്കുന്ന കാഴ്ചയാണ് ഇന്നെവിടെയും കാണാന്‍ കഴിയുക. പ്രായ-ലിംഗ-ഭാഷ-ദേശ ഭേദമില്ലാതെ, രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ മനുഷ്യ അധ്വാനശക്തിയെ നാനാവിധ ചൂഷണങ്ങള്‍ക്കും വിധേയമാക്കുന്ന ആധുനീകാന്തരകാലത്ത് മെയ് ഒന്ന് ഒരു ഓര്‍മ പുതുക്കലിന്റെ ദിനമായി മാറുകയാണ്, തൊഴിലാളി അവകാശങ്ങള്‍ ശൂന്യതയില്‍ നിന്ന് ഉണ്ടായതല്ലെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍.

 

Related Articles

Back to top button
error: Content is protected !!