IdukkiLocal Live

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ ജെം ഓഫ് ഇടുക്കി പദ്ധതി ആരംഭിച്ചു

ഇടുക്കി: പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ആവിഷ്‌ക്കരിച്ച ജെം ഓഫ് ഇടുക്കി പദ്ധതിയുടെ ഭാഗമായി മുരിക്കാശേരി അല്‍ഫോന്‍സാ ആശുപത്രിക്കു ഫലകം കൈമാറി. ഇടുക്കിയിലെ വിവിധ ആശുപത്രികളെ മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗവുമായി ഓണ്‍ലൈനിലൂടെ ബന്ധിപ്പിച്ച് 24 മണിക്കൂറും സൗജന്യ ടെലി ഐ.സി.യു സേവനം ഒരുക്കുന്ന പദ്ധതിയാണ് ജെം ഓഫ് ഇടുക്കി. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ടെലി ഐ.സി.യുവിലൂടെ ലഭ്യമാക്കുന്നതിലൂടെ മുരിക്കാശേരി അല്‍ഫോന്‍സാ ആശുപത്രിയില്‍ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാക്കാന്‍ സാധിക്കും. പദ്ധതിക്കു കഹോടെക് – 2023 ദേശീയ പുരസ്‌ക്കാരവും ലഭിച്ചിരുന്നു. കുമളി മുതല്‍ അടിമാലി വരെയുള്ള ഇടുക്കി ജില്ലയിലെ വിവിധ ആശുപത്രികളെയാണ് ജെം ഓഫ് ഇടുക്കി പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. മലയോര മേഖലയില്‍ അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കും. മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ക്രിട്ടിക്കല്‍ കെയര്‍ വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തിലാണ് ജെം ഓഫ് ഇടുക്കി പദ്ധതിയുടെ പ്രവര്‍ത്തനം. മുരിക്കാശേരി അല്‍ഫോന്‍സാ ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സി. ഷാന്റി ക്ലയര്‍ എഫ്.സി.സി ജെം ഓഫ് ഇടുക്കി പദ്ധതിയുടെ ഫലകം ഏറ്റുവാങ്ങി. പാലാ മാര്‍ സ്ലീവാ മെഡിസിറ്റി ബ്രാന്‍ഡിങ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊമോഷന്‍ എ.ജി.എം ശ്രീരാജ്.ബി, ഡോ.മാത്യു ജോസഫ്, അനൂപ് ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!