Thodupuzha

കോടതികളിൽ ഫിസിക്കൽ സിറ്റിംഗ് ആരംഭിക്കണം – കേരള ബാർ കൗൺസിൽ

തൊടുപുഴ : കേരളത്തിലെ കോടതികളിൽ ഫിസിക്കൽ സിറ്റിംഗ് എത്രയും വേഗം പുനരാരംഭിക്കണമെന്ന് കേരള ബാർ കൗൺസിൽ യോഗം പ്രമേയത്തിലൂടെ കേരള ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. കോവിഡ് പശ്ചാത്തലത്തിൽ ഉണ്ടായ അസാധാരണ സാഹചര്യത്തിലാണ് ഫിസിക്കൽ സിറ്റിംഗ് ഉപേക്ഷിച്ച് കോടതികളിൽ പ്രധാനമായും ഓൺലൈൻ ആയി കേസുകൾ കൈകാര്യം ചെയ്തിരുന്നത്. എന്നാൽ മാറിയ സാഹചര്യത്തിൽ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന എല്ലാ നിയന്ത്രണങ്ങളും തന്നെ പിൻവലിച്ചിരിക്കുകയാണ്. പൊതുഗതാഗത സംവിധാനങ്ങൾ പൂർണതോതിൽ പുനരാരഭിക്കുകയും, ഹോട്ടലുകളും മറ്റും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കുകയും ചെയ്തിട്ടുള്ള പശ്ചാത്തലത്തിൽ അഭിഭാഷകർക്കും കക്ഷികൾക്കും കോടതികളിൽ എത്തിച്ചേരുന്നതിന് ഇപ്പോൾ തടസ്സമില്ല. സംസ്ഥാനത്തെ കോളജുകൾ തുറക്കുകയാണ്. പ്രൈമറി തലം മുതലുള്ള സ്കൂളുകളും നവംബർ ഒന്ന് മുതൽ പഴയ നിലയിൽ പ്രവർത്തിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സിനിമ തീയേറ്ററുകൾ വരെ തുറക്കുകയാണ്. എല്ലാ മേഖലകളിലും സാധാരണ നില പുനഃസ്ഥാപിക്കുന്ന സാഹചര്യത്തിൽ കോടതികൾ മാത്രം ഇനിയും പഴയ നിലയിൽ പ്രവർത്തിക്കാതിരിക്കാൻ കാരണങ്ങളില്ല.

 

അഭിഭാഷകരും ക്ലർക്കുമാരും കൊവിഡ് കാലത്ത് വളരെയേറെ ബുദ്ധിമുട്ടുകയുണ്ടായി. ഇനിയും ഈ നില തുടരാൻ കഴിയില്ല. ഈ പശ്ചാത്തലത്തിലാണ് എത്രയും വേഗം ഫിസിക്കൽ സിറ്റിംഗ് ഹൈക്കോടതിയിലും കീഴ്ക്കോടതികളിലും ആരംഭിച്ച് കോടതി പ്രവർത്തനം സാധാരണഗതിയിൽ ആക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ബാർ കൗൺസിൽ ചെയർമാൻ അഡ്വ ജോസഫ് ജോൺ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!