ObitThodupuzha

പി.ജെ.ജോസഫ് എം.എല്‍.എ.യുടെ ഭാര്യ ഡോ.ശാന്തയുടെ സംസ്കാരം നടത്തി

 

തൊടുപുഴ: കഴിഞ്ഞ ദിവസം അന്തരിച്ച പി.ജെ.ജോസഫ് എം.എല്‍.എ.യുടെ ഭാര്യ ഡോ.ശാന്തയുടെ സംസ്കാരം നടത്തി.

വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെയാണ് ഡോ. ശാന്തയുടെ ഭൗതികദേഹം പാലത്തിനാല്‍ വീടിന് മുറ്റത്ത് പൊതുദര്‍ശനത്തിന് വച്ചത്. പ്രിയതമയുടെ വിടവാങ്ങല്‍ ഏല്‍പ്പിച്ച സങ്കടം പി.ജെ.യുടെ മുഖത്ത് പ്രകടമായിരുന്നു. ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയവരെ നിര്‍വികാരനായി അഭിവാദ്യം ചെയ്ത് മുഴുവന്‍ സമയവും അദ്ദേഹം പ്രിയ പത്നിയുടെ അടുത്ത് തന്നെയുണ്ടായിരുന്നു. മക്കളായ അപു ജോണ്‍ ജോസഫ്, ഡോ.അനു യമുന ജോസഫ്, ആന്റണി ജോസഫ് എന്നിവരും പി.ജെ.ക്ക് താങ്ങായി നിന്നു. ശാന്തയെ അവസാനമായി ഒരു നോക്ക് കാണാനും അന്തിമോപചാരമര്‍പ്പിക്കാനുമായെത്തിയ ജനങ്ങളുടെ ക്യൂ റോഡ് വരെ നീണ്ടു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാര രംഗങ്ങളിലെയടക്കം സമൂഹത്തിലെ എല്ലാ മേഖലയില്‍ നിന്നുള്ളവരും അക്കൂട്ടത്തിലുണ്ടായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ദീര്‍ഘനാളായി കരള്‍ സംബന്ധമായ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഭൗതിക ശരീരം ബുധനാഴ്ച വൈകിട്ട് 4.30 തോടെയാണ് വീട്ടിലെത്തിച്ചത്.

വസതിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് സീറോ മലബാര്‍ സഭ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നേതൃത്വം നല്‍കി. ഉച്ചയ്ക്ക് 12 മണിയോടെ മൃതദേഹം പുറപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയിലേക്ക് കൊണ്ടുപോയി. ഇവിടേക്കും വന്‍ജനാവലിയെത്തി.

പള്ളിയില്‍ നടന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് കോതമംഗലം ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, പാല ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്, കോതമംഗലം രൂപത മുന്‍ അദ്ധ്യക്ഷന്‍ മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി. സംസ്‌കാര ചടങ്ങുകള്‍ക്ക് ഇടവക വികാരി ഫാ. സെബാസ്റ്റ്യന്‍ കണിമറ്റം നേതൃത്വം വഹിച്ചു. ശുശ്രൂഷകള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ കുടുംബകല്ലറയില്‍ മൃതദേഹം സംസ്‌കരിച്ചു. സംസ്‌കാര ചടങ്ങുകളില്‍ മന്ത്രിമാരായ ആന്റണി രാജു, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസ്സന്‍, എം.പിമാരായ ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എം.എല്‍.എമാരായ മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, മാത്യു കുഴല്‍ നാടന്‍, മാണി.സി.കാപ്പന്‍, കെ.കെ. രമ, ജോബ് മൈക്കിള്‍, സി.കെ. ആശ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, എം.ജി. യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. സാബു തോമസ്, മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ്, മുന്‍ മന്ത്രിമാരായ കെ.സി. ജോസഫ്, കെ.ഇ. ഇസ്മായില്‍, ഷിബു ബേബി ജോണ്‍, ടി.യു. കുരുവിള, വി. സുരേന്ദ്രന്‍ പിള്ള, കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാന്‍മാരായ അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ്, അഡ്വ. തോമസ് ഉണ്ണിയാടന്‍, മുന്‍ എം.പിമാരായ ജോയ്‌സ് ജോര്‍ജ്, സുരേഷ് കുറുപ്പ്, മുന്‍ എം.എല്‍.എമാരായ മാത്യു സ്റ്റീഫന്‍ എക്‌സ്, പി.സി. ജോസഫ് ,

ഡിസിസി പ്രസിഡന്റ് സി.പി മാത്യു, മുന്‍ ഡി.സി.സി പ്രസിഡന്റുമാരായ റോയി.കെ.പൗലോസ്, ജോയി തോമസ്, യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി, കണ്‍വീനര്‍ പ്രൊഫ. എം.ജെ ജേക്കബ്, സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാര്‍, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം.എസ്. മുഹമ്മദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ.എസ്. അജി, കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാ പ്രസിഡന്റ് മാര്‍ട്ടിന്‍ മാണി എന്നിവരും മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ ആന്റണിക്ക് വേണ്ടി മുന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി റോയി.കെ.പൗലോസും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് വേണ്ടി മുന്‍മന്ത്രി കെ.സി. ജോസഫും പുഷ്പചക്രം അര്‍പ്പിച്ചു.

Related Articles

Back to top button
error: Content is protected !!