Thodupuzha

പതിനേഴുക്കാരായ കമിതാക്കളെ പോലീസ് കണ്ടെത്തി

തൊടുപുഴ: പുറപ്പുഴയില്‍ നിന്നും ഒന്‍പതു ദിവസം മുമ്പ് കാണാതായ 17 കാരായ കമിതാക്കളെ തൃശൂര്‍ സിറ്റിയില്‍ നിന്നും പോലീസ് കണ്ടെത്തി. തൃശൂര്‍ പൂരവും ബാംഗ്ലൂര്‍ സിറ്റിയും കാണുക എന്ന ആഗ്രഹത്തിലാണ് പ്രായപൂര്‍ത്തിയാകാത്ത കമിതാക്കള്‍ ഒൻപത് ദിവസം മുമ്പ് വീടു വിട്ടിറങ്ങിയത്.ഒന്‍പതു ദിവസം ട്രെയിനുകളില്‍ വിവിധയിടങ്ങളില്‍ സഞ്ചരിച്ചെന്നും ഇവര്‍ പോലീസിനോട് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് പോലീസ് ഇവരെ കണ്ടെത്തിയത്. മൊബൈല്‍ ഫോണ്‍ വിറ്റു കിട്ടിയ 1800 രൂപയുമാണ് ഇരുവരും നാടു വിട്ടത്. ലോഡ്ജില്‍ മുറി എടുക്കാനുള്ള പണം ഇല്ലാതിരുന്നതിനാല്‍ എറണാകുളം മുതല്‍ കൊല്ലം വരെയും തിരികെയും മൂന്നു തവണ ട്രെയിനില്‍ സഞ്ചരിച്ചു. ബംഗളുരുവിലേക്ക് പോയതും ട്രെയിനില്‍ ആയിരുന്നു. ടിക്കറ്റെടുക്കാതെ ജനറല്‍ കംപാര്‍ട്ട്മെന്റില്‍ ആയിരുന്നു യാത്ര. ഒരു നേരം ഭക്ഷണം കഴിച്ചായിരുന്നു ഇത്രയും ദിവസം കഴിച്ചു കൂട്ടിയത്. ബംഗളുരുവില്‍ നിന്നും തിരികെ വരുമ്പോള്‍ കൈയിലുണ്ടായിരുന്ന പണം തീര്‍ന്നതിനാല്‍ ട്രെയിനില്‍ പരിചയപ്പെട്ട കന്യാസ്ത്രീയാണ് 200 രൂപ നല്‍കി സഹായിച്ചത്. കരിങ്കുന്നം എസ്‌ഐ ബൈജു പി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ കണ്ടെത്തിയത്. നാട്ടിലെത്തിച്ച് ആണ്‍കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിടുകയും രക്ഷിതാക്കള്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ മൈലക്കൊമ്പിലെ സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റുകയും ചെയ്തു.

Related Articles

Back to top button
error: Content is protected !!