Thodupuzha

സ്വകാര്യ ബസുകളുടെ മത്സരയോട്ടം തുടര്‍ക്കഥ; നടപടി വേണമെന്ന് പൗരാവകാശ സംരക്ഷണ സമിതി

 

തൊടുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ മത്സരയോട്ടം അവസാനിപ്പിക്കാന്‍ സര്‍ക്കാരും മോട്ടോര്‍വാഹന വകുപ്പും നടപടി സ്വീകരിക്കണമെന്ന് പൗരാവകാശ സംരക്ഷണ സമിതി ഭാരവാഹികള്‍  ആവശ്യപ്പെട്ടു.
ആര്‍.ടി.ഒ.യും പോലീസും കോടതിവിധികളും, ചട്ടങ്ങളും മറികടന്ന് കുത്തക ബസ് മുതലാളിമാരെ സഹായിക്കാന്‍ നിലപാടെടുക്കുന്നതാണ് പൊതുജനങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്ന മത്സര ഓട്ടങ്ങള്‍ക്ക് അടിസ്ഥാന കാരണമായിരിക്കുന്നത്. ഹിയറിങ് നടത്തി സമയക്രമം തീര്‍ച്ചപ്പെടുത്തി ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും ആര്‍.ടി.ഒ. ഇതിന് വിലകല്‍പ്പിക്കുന്നില്ല. മത്സരയോട്ടത്തെ ചൊല്ലി ബസ് ജീവനക്കാര്‍ തമ്മിലുള്ള വാക്കേറ്റങ്ങളും സംഘര്‍ഷങ്ങളും നിത്യസംഭവമായിരിക്കുകയാണ്.
തൊടുപുഴ-മൂവാറ്റുപുഴ സര്‍വീസ് 50 മിനിറ്റ് കൊണ്ട് ഓടാനാണ് ഇടുക്കി ആര്‍.ടി.ഒ. സമയം അനുവദിച്ചിട്ടുള്ളത്. ഒരു കിലോമീറ്റര്‍ ഓടുന്നതിന് രണ്ടര മിനിറ്റ് എടുക്കണം. എന്നാല്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ചില ബസുടമകള്‍ ആര്‍.ടി.ഒ.യുടെയും പോലീസിന്റെയും ഒത്താശയോടെ 42 മിനിറ്റുകൊണ്ട് ഓടിയെത്തുകയാണ്. സമയക്രമം പാലിച്ച് ഓടുന്ന ബസുകളിലെ ജീവനക്കാരെയും ഉടമകളെയും പോലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് ഭീഷണിപ്പെടുത്തുന്ന സാഹചര്യവുമുണ്ട്. കഴിഞ്ഞ ദിവസം അമിതവേഗം ചോദ്യം ചെയ്ത ബൈക്ക് യാത്രക്കാരനെ ബസിടിപ്പിച്ചു കൊല്ലാന്‍ ഒരു ബസ് ഡ്രൈവര്‍ ശ്രമം നടത്തിയിരുന്നു. മുമ്പ് ബസുകളുടെ സമയ ക്രമീകരണത്തിനായി വാഴക്കുളത്ത് പഞ്ചിങ് സംവിധാനം ഉണ്ടായിരുന്നു. എന്നാലിത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഇത് പുനസ്ഥാപിക്കാന്‍ നടപടി വേണം. ബസുകളിലെ സ്പീഡ് ഗവര്‍ണറുകളുടെ കാര്യക്ഷമതയും പരിശോധിക്കണം. മോട്ടോര്‍ വാഹന ഉദ്യോഗസ്ഥര്‍ നടത്തിവരുന്ന അഴിമതികള്‍ക്ക് അറുതിവരുത്തണമെന്നും പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!